സോഷ്യല്‍ മീഡിയയില്‍ വിവാദം കൊഴുക്കുന്നു; തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹനാന്‍

കൊച്ചി: കോളജ് വിദ്യാര്‍ഥിനി ഹനാന്റെ മീന്‍വില്‍പനയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച കൊഴുക്കുന്നു. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹനാന്‍. കോളജ് വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിനി ഹനാന്‍ എറണാകുളം തമ്മനത്ത് കോളജ് യൂനിഫോമില്‍ മീന്‍ വില്‍ക്കുന്നതു സംബന്ധിച്ച് ഒരു ദിനപത്രത്തിലും പിന്നാലെ ഏതാനും ദൃശ്യമാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.
നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഹനാന് തന്റെ സിനിമയില്‍ വേഷം നല്‍കാന്‍ തയ്യാറാണെന്നു സംവിധായകന്‍ അരുണ്‍ ഗോപി പ്രഖ്യാപിച്ചു. ഇതോടെ മീന്‍വില്‍പന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണെന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടയി ല്‍ ഇന്നലെ വൈകുന്നേരത്തോടെ തമ്മനത്ത് മീന്‍ വില്‍ക്കാന്‍ എത്തിയ ഹനാനെ പോലിസ് തടഞ്ഞു.
താന്‍ ജീവിക്കാന്‍ വേണ്ടിയാണ് മീല്‍ വില്‍പന നടത്തുന്നതെന്നും ദയവു ചെയ്ത് തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹനാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തനിക്ക് പരീക്ഷ നടക്കുകയാണ്. കോളജിലെ അധ്യാപകര്‍ക്ക് തന്റെ അവസ്ഥ അറിയാം. തന്റെ ഒരു ചെവിക്ക് അസുഖമുണ്ട്. മീന്‍ വില്‍ക്കാന്‍ എടുത്തുവച്ചിട്ടുണ്ടെങ്കിലും പുറത്ത് വില്‍ക്കാന്‍ പറ്റില്ലെന്ന് പോലിസ് പറഞ്ഞിരിക്കുകയാണ്. എന്തുവന്നാലും താന്‍ ഇതില്‍ നിന്നു പിന്നോട്ടുപോവില്ല. മീന്‍വില്‍പന തുടരും. അതിനായി കടമുറി എടുത്ത് മീന്‍ വില്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. തനിക്ക് വേറെ വരുമാനമൊന്നുമില്ല. ആങ്കറിങ് ചെയ്യും. ഇവന്റ് മാനേജ്‌മെന്റില്‍ ഹോസ്റ്റിങ്്, ഫ്ഌവര്‍ഗേള്‍ എന്നിങ്ങനെ ജോലി ചെയ്തിട്ടുണ്ട്. പറവ, മോഹന്‍ലാലിന്റെ ഒപ്പം തുടങ്ങി കുറച്ച് സിനിമകളില്‍ 1000 രൂപയ്ക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ് ഹോസ്റ്റിങ് വളരെ ബുദ്ധിമുട്ടാണ്. അതിനു തക്ക ആരോഗ്യസ്ഥിതി തനിക്കില്ല. അതുകൊണ്ടാണ് ഒരു കച്ചവടം തുടങ്ങാന്‍ ആലോചിച്ചത്. അങ്ങനെയാണ് മീന്‍ കച്ചവടം തുടങ്ങിയത്. ഉമ്മയും അനുജനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാനാണ് തൊഴിലിനിറങ്ങിയത്. അതു തുടരും. ആരു വിമര്‍ശിച്ചാലും താന്‍ ഇതു തുടരും. തനിക്ക് പഠിക്കണം.
തന്നെക്കുറിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സംവിധായകന്‍ അരുണ്‍ ഗോപി കാണാന്‍ പറഞ്ഞിട്ടുണ്ട്. തന്റെ ചെവിക്ക് ഭയങ്കര വേദനയുണ്ട്. എല്ലാവരും ഇത്തരത്തില്‍ ചോദിക്കുമ്പോ ള്‍ വേദന സഹിച്ചാണ് മറുപടി പറയുന്നത്. തനിക്ക് ആരുടെയും പണം വേണ്ട. തന്റെ അക്കൗണ്ടില്‍ വന്നിരിക്കുന്ന ഒന്നരലക്ഷം രൂപ ആരു വേണമെങ്കിലും എടുത്തോ. തനിക്കു വേണ്ട. പക്ഷേ, തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ഹനാന്‍ പറഞ്ഞു.
ഒട്ടേറെ പ്രശ്‌നങ്ങള്‍ നേ രിടുന്ന പെണ്‍കുട്ടിയാണ് . അതില്‍ നിന്നു മോചനം കിട്ടി വരുന്നതേയുള്ളൂവെന്നും ഹനാന്‍ പറഞ്ഞു. തലയില്‍ ക്യാപ് വച്ചു കച്ചവടം ചെയ്തതുകൊണ്ടാണ് തട്ടമിടാത്തത്. താന്‍ സ്ഥിരമായി മേക്കപ്പ് ഇടാറുണ്ട്. ഇസ്‌ലാമിക് സംഘടനകളുടെ സഹായം താന്‍ തേടാതിരുന്നത് സഹായം കിട്ടിവരുമ്പോള്‍ കുറച്ചു സമയമെടുക്കും. സ്വന്തമായി അധ്വാനിച്ച് പണം സമ്പാദിക്കുന്നത് സന്തോഷകരമാണ്. അതിന് വിലയുണ്ട്. കളമശ്ശേരിയില്‍ താന്‍ ഒരുമാസം മീന്‍ വില്‍പന നടത്തിയിട്ടുണ്ട്. തന്നെ സഹായിക്കേണ്ട. പക്ഷേ, അനാവശ്യമായി വിമര്‍ശിക്കരുത്. തനിക്ക് ആരുടെയും പണം വേണ്ട. ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. പാത്രം കഴുകിയാണെങ്കിലും കൂലിപ്പണിയെടുത്താണെങ്കിലും താന്‍ ജീവിച്ചുകൊള്ളാം ദയവു ചെയ്ത് തന്നെ ഉപദ്രവിക്കരുതെന്നും ഹനാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it