സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: സോളാര്‍ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തത്. ആലുവയില്‍ ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയെയാണ് താന്‍ ബ്ലാക്ക് മെയിലിങ് എന്നുദ്ദേശിച്ചതെന്ന് അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന കാര്യം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടില്ല. ബ്ലാക്ക് മെയിലിങ്ങിന് വിധേയനാവേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഉമ്മന്‍ചാണ്ടി വിശദീകരിച്ചത്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജു രാധാകൃഷ്ണനും മറ്റൊരാളും ആലുവ ഗസ്റ്റ് ഹൗസില്‍ വന്ന് തന്നെ കാണുകയും തന്റെ മന്ത്രിസഭയിലെ ഒരംഗത്തെക്കുറിച്ച് ചില പരാതി ഉന്നയിക്കുകുയും ചെയ്തിരുന്നു. അന്ന് ആര്‍ ബി നായര്‍ എന്ന പേരിലായിരുന്നു ബിജു ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ടതും വ്യക്തിപരവുമായ കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. അതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നത്. എന്നാല്‍, ആ കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്താണെന്ന് വെളിപ്പെടുത്തിയിരുന്നെങ്കില്‍ പിന്നീട് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുമായിരുന്നില്ല. ബ്ലാക്ക് മെയിലിങ്ങും നടക്കില്ലായിരുന്നു. അന്ന് ബിജുവിനൊപ്പമുണ്ടായിരുന്നയാളാണ് സോളാര്‍ കമ്മീഷനില്‍ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞത്. അങ്ങനെയാണ് അതേക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് ഏറെ സമയമെടുക്കുകയും ചെയ്തു. ഈ കാലതാമസമുണ്ടാക്കാതെ അന്നുതന്നെ താന്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ പിന്നീട് ബ്ലാക്ക് മെയിലിങ്ങിനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സോളാര്‍ കേസില്‍ സരിതയുടെ ആരോപണങ്ങളിലുള്‍പ്പെടെ ഉമ്മന്‍ചാണ്ടിയുടെ വിശദമായ മൊഴി പിന്നീട് രേഖപ്പെടുത്തും. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി ബ്ലാക്ക് മെയിലിങ് പരാമര്‍ശം നടത്തിയത്. ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ വഴങ്ങിയില്ലെന്ന് രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it