Flash News

സൈബര്‍ ആക്രമണം പാലക്കാട്ടും : റെയില്‍വേ ഡിവിഷനിലെ 23 കംപ്യൂട്ടറുകള്‍ നിശ്ചലമായി



പാലക്കാട്: വാനാക്രൈ വൈറസ് ആക്രമണം റെയില്‍വേ കംപ്യൂട്ടറുകളിലേക്കും. പാലക്കാട്ടെ സതേണ്‍ റെയില്‍വേ ഡിവിഷന്‍ ആസ്ഥാനത്താണ് വാനാക്രൈ വൈറസിന്റെ ആക്രമണം ഉണ്ടായത്. ഡിവിഷന്‍ ഓഫിസിലെ 23 കംപ്യൂട്ടറുകളില്‍ വൈറസ് ബാധിച്ചു. ഇതുമൂലം കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോഴാണ് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം കണ്ടെത്തിയത്. പേഴ്‌സനല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളിലാണ് വൈറസ് ആക്രമണം സ്ഥിരീകരിച്ചത്.  കംപ്യൂട്ടര്‍ ഹാക്ക് ചെയ്‌തെന്നും ഫയലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ മോചനദ്രവ്യം നല്‍കണമെന്നുമുള്ള സന്ദേശം വൈറസ് ബാധിച്ച കംപ്യൂട്ടറുകളില്‍ തെളിഞ്ഞു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ശമ്പളം, ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അക്കൗണ്ട്‌സ് വിഭാഗത്തിലെ കംപ്യൂട്ടറിലാണ് സൂക്ഷിച്ചിരിക്കുന്നത്. വൈറസ് ബാധ പരിശോധിക്കാന്‍ ഐടി വിദഗ്ധര്‍ റെയില്‍വേ ഡിവിഷന്‍ ആസ്ഥാനത്തെത്തും.  സൈബര്‍ ആക്രമണം റെയില്‍വേ ഡിവിഷന്‍ ഓഫിസിന്റെ പ്രവര്‍ത്തനത്തെയാണ് താളംതെറ്റിച്ചത്. എന്നാല്‍, പാസഞ്ചര്‍ റിസര്‍വേഷനെയോ ട്രെയിന്‍ ഗതാഗതത്തെയോ ബാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.
Next Story

RELATED STORIES

Share it