സൈനികരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക പെന്‍ഷന്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക പെന്‍ഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, മുന്‍കാല പ്രാബല്യത്തോടെ അത് നടപ്പാക്കണമെന്ന സൈന്യത്തിന്റെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ഉദാരവല്‍കൃത പെന്‍ഷന്‍ ഇതുവരെ പാകിസ്താനുമായി പങ്കിടുന്ന നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന സൈനികന്‍ അവസാനം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുക കുടുംബ പെന്‍ഷനായി ഇനിമുതല്‍ ലഭിക്കും. സാധാരണയായി സൈനികന്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമാണ് കുടുംബ പെന്‍ഷനായി ലഭിക്കുന്നത്.
മാര്‍ച്ച് ഏഴു മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് സൈന്യം സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു.
ദോക്‌ലാമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അത്. പദ്ധതിക്ക് മുന്‍കാല പ്രാബല്യമില്ലാത്ത സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തെ സൈന്യം സമീപിക്കുമെന്നാണ് സൂചന. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കു കൂടി കുടുംബ പെന്‍ഷന്‍ പദ്ധതി ബാധകമാക്കുന്നതിന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഡിസംബര്‍ 20ന് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it