Alappuzha local

സൈനികന് നേരെ വധഭീഷണി : പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി



ആലപ്പുഴ: അതിര്‍ത്തിരക്ഷാ സേനയിലെ സൈനികനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി അകാരണമായി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി പിതാവ് തോമസ് ജോണും ഭാര്യ സോഫിയയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പശ്ചിമ ബംഗാള്‍ 28-ാം ബറ്റാലിയനിലെ സൈനികന്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട് ഇട്ടിയംവെളിയില്‍ വീട്ടില്‍ ഷിബിന്‍ തോമസിനെ (32)യാണ് മേലധികാരി പീഡിപ്പിക്കുകയും അന്യായമായി ജയിലില്‍ അകപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാള്‍ 41-ാം ബറ്റാലിയനില്‍ 13 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന ഷിബിന്‍ അതിര്‍ത്തി സേനയിലെ ഒരു സൈനികനു സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ എന്തൊക്കയാണെന്നറിയാന്‍ വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നല്‍കിയിരുന്നു.
നല്ല ഭക്ഷണവും ചികില്‍സയും ലഭിക്കാതെ കുടിവെള്ളം പോലും സൈനികര്‍ വില കൊടുത്തു വാങ്ങേണ്ടിവരുന്ന സാഹചര്യത്തിലാണു ഷിബിന്‍ അപേക്ഷ കൊടുത്തത്. ഇതിനു മറുപടി നല്‍കിയില്ല. മേലധികാരിയെ ധിക്കരിച്ചെന്നും ഡ്യൂട്ടിക്കു കൃത്യമായി ഹാജരാവുന്നില്ലെന്നും മറ്റുമുള്ള വ്യാജ കുറ്റങ്ങളാരോപിച്ചു ഷിബിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.
തുടര്‍ന്നു ഷിബിന്റെ അമ്മ നല്‍കിയ പരാതി സ്വീകരിച്ച പ്രധാനമന്ത്രിയുടെയും ഡല്‍ഹി ഹൈക്കോടതി നടപടികളുടെയും ഫലമായി ബിഎസ്എഫ് ഐജിയുടെ ഓഫിസ് മുഖാന്തരം ഷിബിനെ ജോലിയില്‍ തിരിച്ചെടുക്കുകയും ബംഗാളില്‍ തന്നെ 28-ാം ബറ്റാലിയനില്‍ നിയമിക്കുകയും ചെയ്തു. ഈ സമയത്തുതന്നെ നേരത്തെ ഷിബിന്റെ മേല്‍ ചുമത്തിയ കേസിന്റെ വിചാരണ 28-ാം ബറ്റാലിയനിലെ ഡപ്യൂട്ടി കമന്‍ഡാന്‍ന്റിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങി.
എതിര്‍ കക്ഷികളായ മേലുദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്ന തരത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടുകൊടുക്കാന്‍ ഷിബിനെ ഡപ്യൂട്ടി കമന്‍ഡാന്‍ന്റ് നിര്‍ബന്ധിച്ചതായും അതിനു തയ്യാറാവാതിരുന്നപ്പോള്‍ വെടിവച്ചു കൊല്ലുമെന്നും മേലുദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചതാണെന്നു റിപോര്‍ട്ട് ചെയ്യുമെന്നും കമാന്‍ഡന്റ് ഭീഷണിപ്പെടുത്തിയാതായും പിതാവും ഭാര്യയും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഫോണ്‍ ചെയ്തപ്പോഴാണു ഷിബിന്‍ ഈ വിവരങ്ങള്‍ അറിയിച്ചത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഫോണില്‍ കിട്ടിയെങ്കിലും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആരൊക്കയോ ഫോണ്‍ തട്ടിമാറ്റുകയായിരുന്നു. മൂന്നു ദിവസമായി ഷിബിനെക്കുറിച്ച് അറിവില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കുന്നുണ്ടെന്നു സോഫിയ പറഞ്ഞു.
Next Story

RELATED STORIES

Share it