സൈനികന്‍ 27 വര്‍ഷമായി ജയിലില്‍; മറുപടിയാവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ്‌

ന്യൂഡല്‍ഹി: 27 വര്‍ഷമായി വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന സൈനികന്റെ ഭാര്യയുടെ ഹരജി പരിഗണിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നോട്ടീസ് അയച്ചു. തന്റെ സഹപ്രവര്‍ത്തകരായ രണ്ടു സൈനികരെ വധിച്ച കുറ്റം ആരോപിക്കപ്പെട്ട് കഴിഞ്ഞ 27 വര്‍ഷമായി സൈനികനായ ലാന്‍സ് നായിക് ദേവേന്ദ്രനാഥ് റായി വധശിക്ഷയില്‍ അന്തിമവിധി കാത്ത് ജയിലില്‍ കഴിയുകയാണ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും ഉള്‍പ്പെടുന്ന ബെഞ്ച്, സൈനികനായ ലാന്‍സ് നായിക്കിന്റെ ഭാര്യ മിഥിലേഷ് റായിയുടെ ഹരജി പരിഗണിക്കുകയും പ്രതിരോധമന്ത്രാലയത്തിനും ചീഫ് ഓഫ് ആര്‍മി സ്റ്റാഫിനും നാലാഴ്ചയ്ക്കുള്ളില്‍ മറുപടി ആവശ്യപ്പെട്ട് നോട്ടീസയക്കുകയും ചെയ്തു.
ദീര്‍ഘനാളത്തെ ജയില്‍വാസംമൂലം മനോരോഗം ബാധിച്ച റോയിക്ക് 1991ലാണ് ജനറല്‍ കോര്‍ട്ട് മാര്‍ഷലിലുടെ (ജിസിഎം) വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ആ വിധിക്കെതിരേ അലഹബാദ് ഹൈക്കോടതിയില്‍ അപ്പില്‍ പോവുകയും 2000ല്‍ ശിക്ഷാനടപടി ശരിവച്ചു. എന്നാല്‍, വധശിക്ഷ ശരിവയ്ക്കുന്നതരത്തിലുള്ള പ്രത്യേക കാരണങ്ങളോ, സാഹചര്യത്തെളിവുകളോ ഹാജരാക്കാന്‍ സിജിഎമ്മിന് ആയില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഈ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുകയും സുപ്രിംകോടതി 2006 ജനുവരി 10ന് കേസ് തിരിച്ച് ഹൈക്കോടതിയിലേക്കയക്കുകയും പുതുതായി പരിഗണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, 2007 മുതല്‍ 2013 വരെ  ഹൈക്കോടതി രജിസ്റ്ററില്‍ കേസ് ഫയല്‍ കണ്ടുപിടിക്കാനാവാത്തതിനാല്‍ റോയിയുടെ ജയില്‍വാസം നീണ്ടുപോയി. പിന്നീട് കേസ് പുനരാരംഭിച്ചു.
പക്ഷേ, സുപ്രിംകോടതിയുടെ പ്രത്യേക വിധി നിലനില്‍ക്കെ തന്നെ അലഹബാദ് ഹൈക്കോടതി ഈ കേസ് 1991ലെ ജിസിഎമ്മിന്റെ വിധി സൂക്ഷ്മ പരിശോധന നടത്താനാവശ്യപ്പെട്ട് സായുധസേന ട്രൈബ്യൂണലിന് (എഫ്ടി) കൈമാറിയെന്ന് സൈനികന്റെ ഭാര്യയായ മിഥിലേഷ് റായിയുടെ ഹരജിയില്‍ പറയുന്നു.
എന്നാല്‍, ട്രൈബ്യൂണല്‍ ഈ കേസിന്റെ വിചാരണ നാലുതവണ വിധിപറയാതെ മാറ്റിവയ്ക്കുകയും 2015ല്‍ റായിയുടെ ഹരജി വിചാരണയ്‌ക്കെടുക്കാതെ തള്ളുകയുമാണുണ്ടായത്. ഒടുവിലാണ് ഈ സൈനികന്റെ ഭാര്യ ജീവിക്കാനുള്ള തന്റെ ഭര്‍ത്താവിന്റെ മൗലികാവകാശം സ്ഥാപിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകനായ ശേഖര്‍ നഫാദ്, അമൃത കാഞ്ചിലാല്‍ എന്നിവരാണ് സൈനികനു വേണ്ടി ഹാജരായത്. തുടര്‍ന്നാണ് കേന്ദ്രത്തിന്റെയും മറ്റു വകുപ്പുകളുടെയും മറുപടി ആവശ്യപ്പെട്ട്് സുപ്രിംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
1991 ജൂണ്‍ 15ലാണ് രണ്ടു സൈനികരുടെ കൊലപാതകക്കുറ്റം ആരോപിച്ച് ലാന്‍സ് നായിക് അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ 27 വര്‍ഷമായി തന്റെ ഭര്‍ത്താവ് ഒരിക്കല്‍പോലും ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങിയിട്ടില്ലെന്ന് ആദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.
1991ലെ ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ പാസാക്കിയ വിധി റദ്ദാക്കണമെന്നും ഇതിനകം തന്നെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി കണക്കാക്കണമെന്നും റോയിയുടെ ഭാര്യ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it