സൈനികനെതിരായ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യം മൂന്നുപേരെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ മേജര്‍ ആദിത്യകുമാറിനെതിരായ അന്വേഷണത്തിന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ സ്റ്റേ. കേസ് പരിഗണിക്കുന്ന അടുത്തമാസം 24വരെ അന്വേഷണം നിര്‍ത്തിവയ്ക്കാനാണ് മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. മകന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയ കശ്മീര്‍ പോലിസിന്റെ നടപടി ചോദ്യം ചെയ്ത് ആദിത്യകുമാറിന്റെ അച്ഛന്‍ ലഫ്റ്റനന്റ് കേണല്‍ കരംവീര്‍ സിങ് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
കേസില്‍ നിയമവിരുദ്ധമായാണ് ആദിത്യകുമാറിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും നിയമസാധുതയില്ലാത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍.
അതേസമയം, വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതിവിവര റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. എഫ് ഐആറില്‍ മേജര്‍ ആദിത്യകുമാറിന്റെ പേര് പ്രതിയെന്ന നിലയിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, അന്വേഷണത്തിന് അനുസരിച്ച് മേജര്‍ പ്രതിയാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെ ന്നും കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി. മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് മേജര്‍ ആദിത്യകുമാര്‍ സൈനികനാണെന്നും സാധാരണ  ക്രിമിനലുകളെ പോലെ അദ്ദേഹത്തെ പരിഗണിക്കരുതെന്നും ജമ്മു കശ്മീര്‍ പോലിസിനോട് ആവശ്യപ്പെട്ടു.
ജനുവരി 27നാണ് ഷോപിയാനില്‍ വെടിവയ്പുണ്ടായത്. സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയപില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയായിരുന്നു. ഇതോടെയാണ് പോലിസ് സൈന്യത്തിനെതിരേ കേസെടുത്തത്. 10ഗര്‍വാള്‍ യൂനിറ്റിലെ മേജര്‍ ആദിത്യ ആണ് വെടിയുതിര്‍ത്തതെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈന്യത്തിരായ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരേ ഭരണകക്ഷിയായ ബിജെപി എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it