സെക്രട്ടേറിയറ്റിനുള്ളില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ നിയമനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പടിക്കലെത്തി പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന, ബിജു ആന്റണി, സജിത് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കയറാന്‍ ശ്രമിച്ചത്. നോര്‍ത്ത് ബ്ലോക്കിന്റെ മുന്നിലെത്തിയ ഇവര്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് ഗേറ്റിനുള്ളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ പോലിസും വനിതാ പോലിസും എത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രകടനത്തിനു ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ അല്‍പസമയത്തിനു ശേഷമാണ് വീണ്ടും സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിച്ചത്.
മൂന്നുപേര്‍ മാത്രം എത്തിയതുകൊണ്ട് പോലിസും ഇവരെ ശ്രദ്ധിച്ചിരുന്നില്ല. നോര്‍ത്ത് ബ്ലോക്കിന് മുന്നിലെത്തിയ ശേഷം ഇവര്‍ കൈയില്‍ ഒളിപ്പിച്ചിരുന്ന കൊടികള്‍ എടുക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. അതേസമയം, യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സെക്രട്ടേറിയറ്റിന് അകത്ത് അതിക്രമിച്ച് കയറാനെത്തിയത് കോണ്‍ഗ്രസ് എംഎല്‍എ എ വിന്‍സന്റിന്റെ കാറിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കാറില്‍ ഇവര്‍ എത്തുന്നതിന്റെ സിസി ടിവി ദൃശ്യം പോലിസിന് ലഭിച്ചു.
Next Story

RELATED STORIES

Share it