സെക്രട്ടറിമാരില്ലാതെ 24 പഞ്ചായത്തുകള്‍

എച്ച്  സുധീര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 പഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ല. ആകെയുള്ള 941 പഞ്ചായത്തുകളില്‍ 917 പഞ്ചായത്തുകളിലാണ് നിലവില്‍ സെക്രട്ടറിമാരുടെ സേവനമുള്ളത്. സെക്രട്ടറിമാരുടെ സേവനം ലഭിക്കാത്ത പഞ്ചായത്തുകളില്‍ പലതിലും കഴിഞ്ഞ ജനുവരി മുതല്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
വിരമിക്കല്‍, വിരമിക്കലിനു മുമ്പായുള്ള അവധി തുടങ്ങിയ കാരണങ്ങളാലാണ് 24 ഗ്രാമപ്പഞ്ചായത്തുകളില്‍ സെക്രട്ടറിമാരുടെ ഒഴിവുണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി ചേര്‍ന്ന് ഉദ്യോഗക്കയറ്റം നല്‍കുന്നതിനുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കി ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
എടപ്പറ്റ, മൂത്തേടം, തിരുനെല്ലി, പനമരം എന്നീ പഞ്ചായത്തുകളില്‍ കഴിഞ്ഞ ജനുവരി മുതല്‍ സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ചേരനല്ലൂര്‍, മഞ്ഞളൂര്‍, അങ്ങാടിപ്പുറം, താഴെക്കോട്, ഊര്‍ങ്ങാട്ടിരി, അഗളി, കരിമ്പ, കരിമ്പുഴ, നെല്ലിയാമ്പതി, കോങ്ങാട്, മുതലമട, ബാലുശ്ശേരി, കള്ളാര്‍, കോടോംബേളൂര്‍ പഞ്ചായത്തുകളില്‍ ഫെബ്രുവരി മുതലും ചെന്നീര്‍ക്കര, വയലാര്‍, കൊരട്ടി, മടവൂര്‍, മേപ്പയ്യൂര്‍, മാട്ടൂല്‍ പഞ്ചായത്തുകളില്‍ മാര്‍ച്ച് മുതലും സെക്രട്ടറി തസ്തികയില്‍ ഒഴിവുണ്ടായിട്ടുണ്ട്.
പഞ്ചായത്ത് അസി. സെക്രട്ടറിമാരെ നിയമിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും സാമ്പത്തികനില മെച്ചപ്പെട്ട പഞ്ചായത്തുകള്‍ക്കാണ് ഈ തസ്തിക അനുവദിക്കുക.
ഒഴിവുള്ള സെക്രട്ടറി തസ്തികയില്‍ നിയമനം വൈകുന്നത് പ്രസ്തുത പഞ്ചായത്തുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it