Azhchavattam

സൂക്ഷ്മ സഞ്ചാരത്തിന്റെ റീലുകള്‍







എം രാമചന്ദ്രന്‍

റ്റെന്തിനേക്കാളും പ്രധാനമായി ദൃശ്യങ്ങള്‍ മനുഷ്യന്റെ സര്‍വാഭിനിവേശങ്ങളെയും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കാലമാണിത്. എങ്ങനെ കാണപ്പെടുന്നു എന്നത് പരമപ്രധാനമായൊരു കാലം. ഈ കാലഘട്ടത്തിന്റെ കലയായി ചലച്ചിത്രം മാറിയതില്‍ അദ്ഭുതമില്ല. ക്രിസ്തുവിനും കൃഷ്ണനും തുടങ്ങി ഡ്രാക്കുളയ്ക്കും ദിനോസറിനും വരെ ഇപ്പോള്‍ വ്യക്തമായ മേല്‍വിലാസങ്ങളുണ്ട്. അവരൊന്നും ഇപ്പോള്‍ സ്വര്‍ഗലോകത്തോ നരകലോകത്തോ അല്ല.

ചലച്ചിത്ര ലോകത്താണ്. അന്യഗ്രഹ ജീവികള്‍ ഏതു രൂപത്തില്‍ 'അവതരിക്കും' എന്നു പോലും സിനിമ നമുക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പ്രേക്ഷകന്റെ സാമാന്യബുദ്ധിയെക്കൂടി തനിക്ക് പാകമാവുന്ന ഒരു ഫ്രീക്വന്‍സിയില്‍ ട്യൂണ്‍ ചെയ്തു നിര്‍ത്തിക്കൊണ്ട് സിനിമ അവിശ്വസനീയമായവയുടെ ഒരു വലിയ നിര തന്നെ വിശ്വസനീയമാക്കുന്നതില്‍ വിജയിച്ചു.
1895 ഡിസംബര്‍ 28ന് പാരിസിലെ ഗ്രാന്‍ഡ് കഫേയുടെ നിലവറയില്‍ കൂടിയ ആള്‍ക്കൂട്ടത്തിന്റെ ആകാംക്ഷ തന്നെയാണ് ഇന്നും സിനിമയുടെ ഓരോ പുതിയ ചലനത്തെയും കാത്തിരിക്കുന്നത്. കലയുടെയും വ്യവസായത്തിന്റെയും ഇരട്ട വ്യക്തിത്വം പുലര്‍ത്തുന്ന സിനിമാലോകത്തിലെ പ്രശസ്തമായ കുറേ സൃഷ്ടികളെക്കുറിച്ചുള്ള ശ്രദ്ധേയങ്ങളായ പഠനങ്ങളുടെ സമാഹാരമാണ് ഡോണ്‍ ജോര്‍ജിന്റെ 'സിനിമകളനവധി ലോകസിനിമ: പ്രതിനിധാനത്തിന്റെ രാഷ്ട്രീയം' എന്ന ഗ്രന്ഥം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'സിനിമകളനവധി' എന്ന പേരില്‍ വന്ന പംക്തിയിലെ ലേഖനങ്ങളും ഗ്രന്ഥകാരന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളും ഉള്‍പ്പെടെ 17 ലേഖനങ്ങളാണ് മൂന്നു ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ലോകസിനിമയുടെ അമ്പരപ്പിക്കുന്ന ഇതിവൃത്ത വൈവിധ്യമാണ് ഈ പുസ്തകത്തിലൂടെ കടന്നുപോവുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ വരുക. അവിശ്വസനീയമോ അയഥാര്‍ഥമോ ആയ ഇതിവൃത്തങ്ങളെപ്പോലും വിശ്വസനീയവും യഥാര്‍ഥവുമായ പരിതസ്ഥിതികളില്‍ അവതരിപ്പിക്കാനുള്ള സിനിമയുടെ പാടവം നമ്മെ അദ്ഭുതപ്പെടുത്തും.

സ്വന്തം മകളെ ലൈംഗികമായി അക്രമിച്ച യുവാവിനെ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കുകയും ആ സ്ത്രീക്കു തന്റെ ഭാര്യയുടെ രൂപം നല്‍കുകയും ചെയ്ത സവിശേഷമായ മാനസികഘടനയുള്ള ഡോക്ടറെ അവതരിപ്പിച്ച ദി സ്‌കിന്‍ ഐ ലിവ് ഇന്‍, അപകടത്തില്‍ മരിച്ച കാമുകനെ ക്ലോണ്‍ ചെയ്ത് ഗര്‍ഭം ധരിച്ച് വീണ്ടും ജനിക്കുന്ന അവനുവേണ്ടി കാത്തിരിക്കുന്ന യുവതിയെ ചിത്രീകരിച്ച വോംബ്, അതിസമ്പന്നനായ എറിക് പാര്‍ക്കര്‍ എന്ന 28 വയസ്സുകാരന്‍ തിരക്കുപിടിച്ച മന്‍ഹട്ടന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് മുടിവെട്ടുന്നതിനായി തന്റെ ലിമോസിനില്‍ നടത്തുന്ന മരണയാത്രയെ ദൃശ്യവല്‍ക്കരിച്ച കോസ്‌മോപോളിസ് എന്നിവ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന വിഷയവൈവിധ്യം പുലര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം.
ഏതെങ്കിലും ഒരു പ്രത്യേക ഇതിവൃത്ത ജനുസ്സില്‍ പെട്ട സിനിമകളെക്കുറിച്ച് വിവരിക്കുമ്പോള്‍ ആ ജനുസ്സിന്റെ സവിശേഷതകള്‍ സൂക്ഷ്മതയോടെ വിവരിക്കപ്പെടുന്നു. ഹൊറര്‍ സിനിമാ വിഭാഗത്തില്‍പ്പെട്ട എക്‌സിഷന്‍ (റിച്ചാര്‍ഡ് ബേറ്റ്‌സ് ജൂനിയര്‍), അമേരിക്കന്‍ മേരി (സോസ്‌ക സിസ്‌റ്റേഴ്‌സ്), ബന്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോ (പീറ്റര്‍ സ്ട്രിക്‌ലാന്റ്) എന്നീ സിനിമകളെ വിശകലനം ചെയ്യുന്ന ഭീകരസിനിമയുടെ ഭവശാസ്ത്രം എന്ന ലേഖനത്തിന്റെ ആദ്യഭാഗത്ത് ഹൊറര്‍ സിനിമയുടെ സവിശേഷതകള്‍ യുക്തിയുക്തമായി വിവരിക്കുന്നത് ഉദാഹരണമാണ്. മരണവും ലൈംഗികതയും അതിതീവ്രമായി സംഗമിക്കുന്ന രചനകള്‍ എന്ന തലത്തിലാണ് ഹൊറര്‍ ജനുസ്സ് അതിന്റെ വിലോഭനീയമായ ആകര്‍ഷണീയത നിലനിര്‍ത്തുന്നത്. മുഖ്യധാരയുടെ സദാചാര വിലക്കുകളെ അതിലംഘിക്കുന്ന, അസാധാരണമായ വിധത്തില്‍ ലൈംഗികവല്‍ക്കരിക്കപ്പെട്ട ശരീരങ്ങളുമായാണ് സ്ത്രീകഥാപാത്രങ്ങള്‍ ഈ സിനിമകളില്‍ കടന്നുവരാറുള്ളത്'' (പുറം 56, 57) എന്ന് ഡോണ്‍ ജോര്‍ജ് എഴുതുമ്പോള്‍ പരിചയപ്പെട്ടിട്ടുള്ള ഹൊറര്‍ സിനിമകളിലെ ഏതദ് ദൃശ്യങ്ങളിലേക്ക് അതിവേഗം വായനക്കാരന്റെ മനസ്സു പായുന്നു.
ഒരു സിനിമ നിരൂപണവിധേയമാവുമ്പോള്‍ അതിന്റെ സംവിധായകന്റെ മുന്‍ ചിത്രങ്ങളുടെ സവിശേഷതകളിലൂടെ ഗ്രന്ഥകാരന്‍ നടത്തുന്ന സഞ്ചാരം ആ സംവിധായകന്റെ ചലച്ചിത്ര ജീവിതത്തിന്റെ ഒരു സമഗ്രദര്‍ശനം സാധ്യമാക്കുന്നു.
സ്വന്തം ദേശം വിട്ട് പലായനം ചെയ്യേണ്ടിവന്നവര്‍ വൈകാരികമായി സ്വപ്‌നങ്ങളിലൂടെ, ഓര്‍മകളിലൂടെ ആ ദേശങ്ങളിലേക്ക് തിരികെ നടക്കുന്നതിന്റെ ദൃശ്യാഖ്യാനങ്ങളായ എ റൂം ആന്റ് എ ഹാഫ് (ആന്ദ്രേ കര്‍ഷകനാവ്‌സ്‌കി), മൈ വിന്നി പെഗ് (ഗയ്മാഡ്) എന്നീ ചിത്രങ്ങളാണ് 'മാതൃദേശത്തെ സ്വപ്‌നാടനങ്ങള്‍' എന്ന ലേഖനം പഠനവിധേയമാക്കുന്നത്.
കോളനിവല്‍ക്കരണ ഭൂതകാലത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും രതിയുടെയും വിദ്വേഷത്തിന്റെയും പരിചിതമായ വൈകാരിക തലങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന ടാബു (മിഗുവേല്‍ ഗോമസ്), ബീസ്റ്റ്‌സ് ഓഫ് സതേണ്‍ വൈല്‍ഡ് (ബെന്‍ സെറ്റ്‌ലിന്‍), പാരഡൈസ്: ലൗ (ഒള്‍റിച്ച് സെയ്ദ്ള്‍) എന്നിവ പഠനവിധേയമാവുന്നു. 'കാഴ്ചകളിലെയും കാമനകളിലെയും കോളനികള്‍' എന്ന ലേഖനത്തില്‍ ഇവയില്‍ ആദ്യ രണ്ടു സിനിമകളുടെ ആഖ്യാനങ്ങള്‍ അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ചെന്നെത്തുന്നതില്‍ വിജയിക്കുമ്പോള്‍, കെനിയന്‍ യുവാക്കള്‍ക്ക് പണം നല്‍കി അവരില്‍ നിന്ന് ലൈംഗികസേവനം നേടാനായി എത്തുന്ന അമ്പതുകാരിയായ തെരേസ എന്ന സ്ത്രീയുടെയും കൂട്ടുകാരികളുടെയും കഥ പറയുന്ന പാരഡൈസ്: ലൗ, യൂറോപ്യന്‍ കാഴ്ചയ്ക്കും ഉപഭോഗത്തിനും ആഫ്രിക്കന്‍ ശരീരങ്ങള്‍ വിധേയമാക്കപ്പെടുന്നതിന്റെ രാഷ്ട്രീയം സൂക്ഷ്മതലങ്ങളില്‍ ആഖ്യാനം ചെയ്യുന്നതില്‍ വിജയിക്കാതെ പോവുന്നു എന്ന് ഡോണ്‍ ജോര്‍ജ് വിലയിരുത്തുന്നത് ശ്രദ്ധേയമാണ്.
1960 കളുടെ മധ്യത്തില്‍ ഇന്തോനീസ്യയില്‍ 10 ലക്ഷത്തോളം പേരെ കൂട്ടക്കൊലയ്ക്കു വിധേയമാക്കിയ സംഭവത്തെ ആശ്ചര്യവും അമ്പരപ്പും ഉളവാക്കുന്ന ദൃശ്യങ്ങളിലൂടെ ചിത്രീകരിച്ച 'ആക്ട് ഓഫ് കില്ലിങ്' എന്ന വിഖ്യാത ഡോക്യുമെന്ററിയുടെ വായനയാണ് 'ഒളിഞ്ഞുനോട്ടത്തിലെ രഹസ്യങ്ങള്‍' എന്ന ലേഖനത്തിന്റെ ഒരുഭാഗം. 'ഒരു ദശാബ്ദത്തിനിടയില്‍ താന്‍ കണ്ട ഏറ്റവും ഞെട്ടിക്കുന്ന ഡോക്യുമെന്ററി' എന്ന് സാക്ഷാല്‍ വെര്‍ണര്‍ ഹെര്‍സോഗ് വിശേഷിപ്പിച്ച ഈ സിനിമ കൊലപാതകരംഗങ്ങളില്‍ കൊലപാതകികളെത്തന്നെ അഭിനയിപ്പിച്ച് ചിത്രീകരിക്കുകയും ആ രംഗങ്ങള്‍ മരണ സംഘമേധാവികള്‍ക്കു തന്നെ കാണിച്ചുകൊടുത്ത് അവരുടെ വൈകാരിക പ്രതികരണങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന വിചിത്രമായ ചിത്രീകരണരീതിയാണ് പിന്തുടര്‍ന്നത് എന്ന വെളിപ്പെടുത്തല്‍, സിനിമാ ചിത്രീകരണത്തെയും ആസ്വാദനത്തെയും കുറിച്ചുള്ള വായനക്കാരന്റെ എല്ലാ മുന്‍ധാരണകളെയും ഉലച്ചുകളയുന്നു.
സ്വന്തം ലൈംഗികതയെ തിരിച്ചറിയുന്ന സ്ത്രീയുടെ കരുത്തിനെ എപ്പോഴും ഊന്നിപ്പറയുകയും പ്രകോപനപരമാവും എന്നു കരുതി സ്വന്തം നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന കാതറിന്‍ ബ്രയ്യ, ഫ്രഞ്ചു നവതരംഗ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളോട് ഏറ്റവും യാഥാസ്ഥിതികമായി കൂറു പുലര്‍ത്തിയ എറിക് റോമര്‍ എന്നീ സംവിധായകരെക്കുറിച്ചുള്ള മൗലികവും സമഗ്രവുമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. 'കാതറിന്‍ ബ്രയ്യ പഴങ്കഥ പറയുമ്പോള്‍' എറിക് റോമര്‍: യാഥാസ്ഥിതികനായ വിപ്ലവകാരി' എന്നീ ലേഖനങ്ങള്‍.
ചലച്ചിത്ര കലയില്‍ ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ള ചരിത്രപരവും സാംസ്‌കാരികവുമായ നിരീക്ഷണങ്ങളുടെ കനം ഈ ഗ്രന്ഥത്തിലെ എല്ലാ ലേഖനങ്ങളിലെയും സാന്നിധ്യമാണ്. ലൈംഗികതയിലൂന്നിയ ചലച്ചിത്രങ്ങളെ പഠനവിധേയമാക്കുന്ന 'വിശുദ്ധ വിലക്കിന്റെ അവിശുദ്ധകാഴ്ചകള്‍' എന്ന ലേഖനത്തില്‍ ലൈംഗികതയുടെ വിവിധ പാഠങ്ങളെക്കുറിച്ച് സിനിമയ്ക്കു പുറത്തുകടന്ന് ചരിത്രപരമായിത്തന്നെ വിശകലനം നടത്തുന്നു. ലൈംഗികതയുടെയും അക്രമത്തിന്റെയും അതിര്‍ത്തികള്‍ വരെ സഞ്ചരിച്ച് പുതുമയുടെ പ്രതീതി സൃഷ്ടിക്കുന്ന സംവിധായകരെയും (ഡിജിറ്റല്‍ സിനിമയും മൗലികതയും) അതിലൈംഗികവല്‍ക്കരിക്കപ്പെട്ട സമകാലിക ലോകത്ത് സമകാലിക മാനവലൈംഗികതയുടെ വിപര്യയങ്ങളെ ധീരതയോടെ അഭിമുഖീകരിക്കുന്ന രചനകളെയും -ഷെയിം, ദി സ്‌കിന്‍ ഐ ലൗ ഇന്‍, ഗിള്‍ട്ടി റൊമാന്‍സ്(സിനിമയില്‍ തീരാത്ത മനുഷ്യന്റെ ആസക്തികള്‍) ഗ്രന്ഥകാരന്റെ ചലച്ചിത്രാവബോധം വേഗത്തില്‍ തിരിച്ചറിയുന്നു.
ചലച്ചിത്രത്തിന്റെ ചരിത്രത്തിലും ജീവശാസ്ത്രത്തിലും ഉള്ള അവബോധത്തിന്റെ സാക്ഷ്യപത്രങ്ങളാണ് കൃതിയിലെ ഓരോ ലേഖനവും. വിശകലന വിധേയമാവുന്ന ചലച്ചിത്രങ്ങളുടെ ആധികാരികമായ പഠനങ്ങളാവുന്നതോടൊപ്പം അവ ചലച്ചിത്രത്തിന്റെ നാള്‍വഴികളിലെ ഓരോ പ്രവണതകളുടെയും ഉദ്ഭവവികാസങ്ങളുടെ ചരിത്രത്തിലേക്കുള്ള സൂക്ഷ്മസഞ്ചാരങ്ങളും കൂടിയാവുന്നു.
Next Story

RELATED STORIES

Share it