World

സുമയ്‌ക്കെതിരേ നിയമനടപടി ആരംഭിക്കണമെന്നു കോടതി

ജൊഹാനസ്ബര്‍ഗ്: പൊതുസ്വത്ത് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പ്രസിഡന്റ് ജേക്കബ് സുമയ്‌ക്കെതിരേ പാര്‍ലമെന്റ് നിയമനടപടി ആരംഭിക്കണമെന്നു ദക്ഷിണാഫ്രിക്കന്‍ പരമോന്നത കോടതി ആവശ്യപ്പെട്ടു. പ്രസിഡന്റിനെ വിശ്വാസത്തിലെടുക്കുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെട്ടതായും ജഡ്ജി ക്രിസ് ജാഫ്ത നിരീക്ഷിച്ചു. ഏതുതരത്തിലുള്ള നടപടി സ്വീകരിക്കണമെന്നു തീരുമാനിക്കാന്‍ പാര്‍ലമെന്റിന് ആറുമാസം സമയം അനുവദിച്ചു. എന്നാല്‍, സുമയ്‌ക്കെതിരായ കേസുകള്‍ ഇംപീച്ച്‌മെന്റ് സാധ്യതയുള്ളതാണോ എന്നതുസംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സുമയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സുമയുടെ സ്വകാര്യ വസതി പുനരുദ്ധാരണത്തിനു പൊതു ഖജനാവില്‍ നിന്നു പണം ചെലവഴിച്ചു എന്നാണ് ആരോപണം. ഖജനാവില്‍ നിന്നു 15 ദശലക്ഷം ഡോളര്‍ ചെലവഴിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. പൊതു സ്വത്ത് സംരക്ഷിക്കുന്നതില്‍ സുമയ്ക്കു വീഴ്ചപറ്റിയതായും കുറച്ചു തുക തിരിച്ചടയ്ക്കണമെന്നും 2016 മാര്‍ച്ചില്‍ കോടതി ഉത്തരവിട്ടിരുന്നു. 6,31,000 ഡോളര്‍ തിരിച്ചടയ്ക്കാനായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്ന്, പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും സുമ അതിനെ അതിജീവിച്ചു. അവിശ്വാസപ്രമേയത്തില്‍ പാര്‍ലമെന്റ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ലെന്നും വെള്ളിയാഴ്ചത്തെ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it