Breaking News

സുപ്രീംകോടതിയില്‍ വരുന്ന കേസുകള്‍ നിശ്ചയിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം

സുപ്രീംകോടതിയില്‍ വരുന്ന കേസുകള്‍ നിശ്ചയിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം
X
ന്യൂഡല്‍ഹി: സുപ്രീംകോടതി മുമ്പാകെ വരുന്ന കേസുകള്‍ ഏതെല്ലാം ബെഞ്ചുകള്‍ വാദം കേള്‍ക്കുമെന്ന് ഇനി റോസ്റ്റര്‍ സംവിധാനം വഴി പൊതുജനത്തിന് മുന്‍കൂട്ടി അറിയാം. ഫെബ്രുവരി അഞ്ചു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരേ രംഗത്തെത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നാണ് ഇതിലൂടെ അംഗീകരിച്ചിരിക്കുന്നത്. ഇതോടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപരും ചീഫ് ജസ്റ്റിസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അയവു വരുമെന്നാണ് സൂചന.

നിര്‍ണായക കേസുകള്‍ വാദം കേള്‍ക്കുന്നതിന് മുതിര്‍ന്ന ജഡ്ജിമാരെ തഴഞ്ഞ് താരതമ്യേന ജൂനിയറായ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിനെ ചുമതലപ്പെടുത്തുന്നുവെന്ന ആരോപണമാണ് ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ ഉന്നയിച്ചത്. ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിശ്ചയിച്ചതിലെ ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ സമീപനമാണ് ഇതിന് വഴി തുറന്നത്. നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് പലതവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. റോസ്റ്റര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇതിന് അല്‍പം അയവു വരുമെന്നാണ് കണക്കുകൂട്ടല്‍.

ചീഫ് ജസ്റ്റിസ് പരമാധികാരിയല്ലെന്നും സമന്മാരില്‍ മുമ്പന്‍ മാത്രമാണെന്നുമായിരുന്നു മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ ഉന്നയിച്ച വാദം. എന്നാല്‍ കേസുകള്‍ നിശ്ചയിക്കുന്നതില്‍ തന്റെ നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവിലെ ചീഫ് ജസ്റ്റിസിന്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നു. റോസ്റ്റര്‍ സംവിധാനം സാധാരണ ഗതിയില്‍ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടുന്ന നിയമ വൃത്തങ്ങള്‍ക്ക് മാത്രമാണ് ലഭ്യമാകാറ്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇത് പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുന്നത്.
Next Story

RELATED STORIES

Share it