സുപ്രിംകോടതി വിധി നടപ്പാക്കല്‍ പോലിസിന്റെ ചുമതലയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധി നടപ്പാക്കല്‍ പോലിസിന്റെ ചുമതലയാണെന്ന് ഹൈക്കോടതി. സ്ത്രീകളെ മല കയറുന്നതില്‍ നിന്ന് വിധ്വംസകശക്തികള്‍ തടയുകയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. യഥാര്‍ഥ ഭക്തര്‍ക്കു മല ചവിട്ടാന്‍ മതിയായ സംരക്ഷണം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയ ഹൈക്കോടതി ഹരജി തീര്‍പ്പാക്കി.
കേസിലെ എതിര്‍കക്ഷികളായ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, തന്ത്രി കണ്ഠരര് മോഹനര് എന്നിവരുമെല്ലാം സുപ്രിംകോടതി വിധി പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് വാദത്തിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നിട്ടും ഇവര്‍ വിധി നടപ്പാക്കുന്നതിനെ എതിര്‍ക്കുകയാണ്. പോലിസിന്റെ ഭാഗത്തു നിന്ന് സ്ത്രീപ്രവേശന വിഷയത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
വീഴ്ചയില്ലെന്നും സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഭക്തരെന്ന വ്യാജേന ശബരിമലയില്‍ എത്തിയ ക്രിമിനലുകള്‍ ഭക്തരായ സ്ത്രീകളെ തടഞ്ഞ് സുപ്രിംകോടതി വിധി മറികടക്കാന്‍ ശ്രമിച്ചു. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ വരെ സുപ്രിംകോടതി വിധിക്കെതിരേ നിലപാടെടുക്കുന്ന അതീവ സങ്കീര്‍ണമായ സാഹചര്യമാണുള്ളത്. യഥാര്‍ഥ ഭക്തസ്ത്രീകള്‍ക്കു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ ചില പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട വിവരശേഖരണം നടന്നുവരുകയാണ്. പദ്ധതി തയ്യാറായാല്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സ്ത്രീകള്‍ക്കു മാത്രമല്ല, എല്ലാ ഭക്തര്‍ക്കും സംരക്ഷണം നല്‍കണമെന്ന് കോടതി പറഞ്ഞു. ഹരജിക്കാര്‍ പലതരത്തിലുള്ള ആവശ്യങ്ങളാണ് ഒരു ഹരജിയിലൂടെ തേടുന്നതെന്ന് ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it