സുപ്രിംകോടതി വിധി കണക്കിലെടുക്കാതെ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം/ കൊച്ചി/ ദുബയ്: കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. സ്പീക്കര്‍ നിയമവകുപ്പിനു കൈമാറിയ ബില്ല് ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചു. പ്രതിഷേധങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാര്‍ നീക്കത്തിനു പിന്തുണയുമായി രംഗത്തെത്തി.
ബില്ലില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2016 -17 ബാച്ചിലെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമവല്‍ക്കരിക്കുന്നതിനുള്ള ബില്ല് നിയമസഭ കഴിഞ്ഞ ദിവസമാണ് ഐകകണ്‌ഠ്യേന പാസാക്കിയത്. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനു കനത്ത തിരിച്ചടിയായി സുപ്രിംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. കോ ണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ പിന്തുണച്ചു രംഗത്തെത്തി. സഭയില്‍ ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നടപടിയില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും വിധത്തില്‍ കോടതിയുമായി യാതൊരുവിധ മല്‍സരത്തിനും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിയമപരമായി എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ പരിഗണിക്കും. എന്നാല്‍, കോടതിയുമായി ഏറ്റുമുട്ടലിനില്ല. കുട്ടികളുടെ ഭാവി കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ബാങ്ക് ലോണെടുത്താണ് പല കുട്ടികളും പഠനം നടത്തിയത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ചര്‍ച്ച തന്നെ മറ്റൊരു രീതിയിലാകുമായിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും സര്‍ക്കാരിനെ കുറ്റപ്പെടുത്തിയേനെയെന്നും മന്ത്രി പറഞ്ഞു.
സുപ്രിംകോടതി വിധി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടിയാെണന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it