സുപ്രിംകോടതി പ്രശ്‌നങ്ങള്‍: ഫുള്‍കോര്‍ട്ട് വിളിക്കണം- ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് പ്രമേയം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തള്ളിയതിന് പിന്നാലെ പരമോന്നത നീതിപീഠത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫുള്‍കോര്‍ട്ട് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു.
ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും എം ബി ലോക്കൂറുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചത്. സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ഭാവികാര്യങ്ങളും ചര്‍ച്ച ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.
സമാന ആവശ്യങ്ങളുന്നയിച്ച് കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വറും ജ. കുര്യന്‍ ജോസഫും നേരത്തേ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. സുപ്രിംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരുടെയും യോഗമാണ് ഫുള്‍കോര്‍ട്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറവയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം വിളിക്കണമെന്നാണ് ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യം. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നുവെന്നും കാണിച്ചാണ് ചെലമേശ്വര്‍ കത്തയച്ചിരുന്നത്. കത്തിന്റെ പകര്‍പ്പ് സുപ്രിംകോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും കൈമാറിയിരുന്നു. ഇതിനു പിന്നാലെ ജസ്റ്റിസ് കുര്യന്‍ ജോസഫും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിക്കേസ്, നിയമവിരുദ്ധമായി ഭൂമി കൈക്കലാക്കി തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ പ്രതിപക്ഷത്തെ 64 എംപിമാര്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് കഴിഞ്ഞദിവസം വെങ്കയ്യ നായിഡു തള്ളിയിരുന്നു.
Next Story

RELATED STORIES

Share it