Editorial

സുപ്രിംകോടതി നിര്‍ദേശങ്ങള്‍ ഗുണം ചെയ്യുമോ?

ശ്രദ്ധേയമായ ഒട്ടേറെ വിധികള്‍ നല്‍കുന്നതിനു നേതൃത്വം നല്‍കി പടിയിറങ്ങിപ്പോയ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, പ്രക്ഷോഭങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ നടപ്പാക്കാന്‍ ഭരണകൂടങ്ങളും പൗരസമൂഹവും തയ്യാറാവേണ്ടതുണ്ട്. സുപ്രിംകോടതിയില്‍ ഇതുസംബന്ധിച്ച ധാരാളം ഹരജികള്‍ ഇതിനു മുമ്പ് വരുകയും അവയിലൊക്കെ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് സമഗ്രമായ ഒരു വിധി ഇപ്പോഴാണ് ഉണ്ടാവുന്നത്. ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നവര്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന തത്ത്വത്തിനാണ് സുപ്രിംകോടതി അടിവരയിടുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 153എ, 295എ, 425 വകുപ്പുകള്‍ പ്രകാരം അതിനു കാരണക്കാരായവര്‍ക്കു നേരെ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിക്കുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനെന്ന പേരില്‍ 1984ല്‍ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും അതും അതുപോലുള്ള നിയമങ്ങളും കടലാസില്‍ മാത്രം ഒതുങ്ങിയ പശ്ചാത്തലത്തിലാണ് കൃത്യമായ ചില നിര്‍ദേശങ്ങള്‍ സുപ്രിംകോടതി മുന്നോട്ടുവയ്ക്കുന്നത്. ഇതുസംബന്ധിച്ച് ജസ്റ്റിസ് കെ ടി തോമസിന്റെയും എഫ് എസ് നരിമാന്റെയും നേതൃത്വത്തിലുള്ള സമിതികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളാണ് കോടതി പൊതുവില്‍ അംഗീകരിച്ചിരിക്കുന്നത്. പ്രതിഷേധം അക്രമത്തിലും പൊതുമുതല്‍ നശിപ്പിക്കുന്നതിലും അവസാനിക്കുമ്പോള്‍ അതിന് ആഹ്വാനം കൊടുത്ത നേതാക്കളും ഭാരവാഹികളും പോലിസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കണമെന്നും അതിനു തയ്യാറാവാത്തവരെ അറസ്റ്റ് ചെയ്യണമെന്നും കോടതി പറയുന്നു. അവര്‍ക്കു ജാമ്യം നല്‍കണമെങ്കില്‍ അവര്‍ കാരണമുണ്ടായ നഷ്ടം കണക്കാക്കി അതിന് തുല്യമായ തുക കെട്ടിവയ്ക്കണം. അക്രമികളെ കൈയോടെ പിടികൂടാനും അക്രമം വ്യാപിക്കുന്നതു തടയാന്‍ സാമൂഹികമാധ്യമങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രിക്കുന്നതിനും പോലിസിനോട് നിര്‍ദേശിക്കുന്നു.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ബന്ദിനും ഹര്‍ത്താലിനും ആഹ്വാനം ചെയ്യുന്നതും വാഹനങ്ങള്‍ തടയുകയും കടകമ്പോളങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്യുന്നത് കേരളത്തില്‍ പതിവാണ്. അതില്‍ സഹികെട്ടാണ് ഹൈക്കോടതി ബന്ദ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. പിന്നീട് ബന്ദിനു പകരം ഹര്‍ത്താലും പണിമുടക്കുമായി എന്നല്ലാതെ മറ്റു പ്രത്യാഘാതമൊന്നും ആ വിധിയുണ്ടാക്കിയില്ല. ഗതാഗതതടസ്സം പാടില്ലെന്ന് പറയുമെങ്കിലും ജനജീവിതം സ്തംഭിപ്പിക്കുന്നതിനനുസരിച്ചാണ് പ്രതിഷേധത്തിന്റെ വിജയപരാജയം നിശ്ചയിക്കുന്നത്.
എന്നാല്‍, രാജ്യത്തു നിയമങ്ങളില്ലാഞ്ഞിട്ടല്ല അക്രമങ്ങള്‍ സംഭവിക്കുന്നത്. പല ഉത്തരവുകളും അത് നടപ്പാക്കേണ്ടവര്‍ തന്നെ രാഷ്ട്രീയസമ്മര്‍ദം മൂലം അവഗണിക്കുന്നു. പൊതുവില്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ് ഹര്‍ത്താലാഹ്വാനം നടത്താറ്. ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനോ സംഘടനകളെ ശ്വാസംമുട്ടിക്കാനോ മാത്രം നിയമങ്ങള്‍ ഉപയോഗിക്കുന്നു. നിയമം കൈയിലെടുക്കുന്നതിലൂടെ വലിയ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് കരുതുന്നവര്‍ ഭരിക്കുന്ന ഒരു രാജ്യത്തായതിനാല്‍ തന്നെ സുപ്രിംകോടതിയുടെ ഉത്തരവുകൊണ്ട് എന്തു ഗുണമുണ്ടാവുമെന്ന ചോദ്യം അത്ര അപ്രസക്തമല്ല. ജനപ്രിയമായ പല ഉത്തരവുകളും ദുര്‍ബലമാവുന്നതിന്റെ പശ്ചാത്തലമതാണ്.

Next Story

RELATED STORIES

Share it