സുന്നി ഐക്യത്തിന് ഉപസമിതി

കോഴിക്കോട്: ഇരുവിഭാഗം സുന്നികള്‍ക്കിടയില്‍ ഐക്യശ്രമത്തിനായി സമസ്ത നാലംഗ ഉപസമിതിയെ നിയോഗിച്ചു. പ്രഫ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവരെയാണു കഴിഞ്ഞദിവസം കോഴിക്കോട്ടു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം ചുമതലപ്പെടുത്തിയത്. സമസ്ത എന്നും സുന്നി ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ആ നിലപാടു തുടര്‍ന്നും പിന്തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് രണ്ടു ചേരികളായി മാറിയ സമസ്തയും കാന്തപുരം വിഭാഗവും തമ്മില്‍ അനൗദ്യോഗികമായ ഐക്യചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെങ്കിലും സമസ്ത മുശാവറ ഔദ്യോഗിക അനുമതി നല്‍കുന്നതും സമിതിയെ നിയോഗിക്കുന്നതും ഇത് ആദ്യമാണ്.
കഴിഞ്ഞദിവസം നടന്ന മര്‍കസ് സമ്മേളനത്തിനു സമസ്തയുടെ മുഖപത്രമായ “സുപ്രഭാതം’ നല്ല കവറേജാണ് നല്‍കിയത്. സമ്മേളനത്തിനെത്തിയവര്‍ക്ക് സൗകര്യമൊരുക്കാന്‍ മര്‍കസിന്റെ സമീപത്ത് സമസ്ത നടത്തുന്ന പള്ളിയും മദ്‌റസയും തുറന്നുകൊടുത്തതും ഈ രണ്ടു സംഘടനകള്‍ തമ്മിലുള്ള അകലം കുറയുന്നതിന്റെ സൂചനയാണ്.
മുജാഹിദ് സംഘടനകളോടു സമസ്ത വിധേയത്വം കാണിക്കുന്നുവെന്ന കാന്തപുരം വിഭാഗത്തിന്റെ പരാതി കുറയ്ക്കുന്നതിന്റെ ഭാഗമായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ മുജാഹിദ് സംഘടനകളുടെ ആദര്‍ശ പരിപാടികളില്‍ പങ്കെടുത്താല്‍ അവരുടെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പും സമസ്ത മുശാവറ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it