സുനിലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്‌

കോട്ടയം: സിപിഎം ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറിന്റെ പരാതിയില്‍ പോലിസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മരണപ്പെട്ട സുനിലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോ ര്‍ട്ട്. സുനിലിന്റെ ശരീരത്തിലുള്ള പാടുകള്‍ മര്‍ദനം കാരണമല്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും കാമറയില്‍ ചിത്രീകരിച്ചതിന്റെ മെമ്മറി കാര്‍ഡും ഫോറന്‍സിക് വിഭാഗം അന്വേഷണസംഘത്തിന് കൈമാറി.
സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്ന ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് ഇപ്പോ ള്‍ പുറത്തുവന്നിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും. മൃതദേഹത്തില്‍ നാല് ചതവുകളാണുള്ളത്. ഇതി ല്‍ രണ്ടെണ്ണം രണ്ട് കക്ഷങ്ങളുടെ അകത്ത് പേശികളിലാണ്. വലതു കൈയുടെ താഴെ കൈത്തണ്ടയിലും വലതു കാലിന്റെ ചെറുവിരലിന്റെ സമീപത്തായും ചെറിയ ചതവുണ്ട്. എന്നാലിത് മര്‍ദനം കാരണമല്ലെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഉണ്ടായതാവാമെന്നും പറയുന്നു. ഏത് മൃതശരീരവും മാറ്റുന്നതിനിടെ ഉണ്ടാവുന്ന സ്വാഭാവിക പാടുകള്‍ മാത്രമാണ് ശരീരത്തിലുള്ളത്. വിഷം കഴിച്ചാണ് മരണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍, പോലിസ് സര്‍ജന്‍ ഡോ. ടി ദീപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
അതേസമയം, പോലിസ് ക്രൂരമായി മര്‍ദിച്ചെന്നും അതി ല്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും രേഷ്മ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സുനിലിന്റെ മൃതദേഹത്തിലെ പാടുകള്‍ സംശയമുയര്‍ത്തുന്നു. സുനില്‍കുമാറിന്റെ കക്ഷത്തിലെ പാടുകള്‍ പോലിസ് സ്‌റ്റേഷനില്‍വച്ച് ലാത്തിയടിയിലോ ചൂരല്‍പ്രയോഗത്തിലോ ഉണ്ടായതാണോയെന്ന് സംശയിക്കാവുന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അനൗദ്യോഗികമായി പറയുന്നു. ഇരുകൈകളുടെയും കക്ഷത്തിന് താഴെയുള്ള പാടുകളാണ് വടികൊണ്ട് അടിച്ചതുപോലെ തോന്നിക്കുന്നത്. കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിപ്പിച്ച് ലാത്തികൊണ്ടോ ചൂരല്‍കൊണ്ടോ അടിക്കുകയാണെങ്കില്‍ ഇതുപോലുള്ള പാടുണ്ടാവാമെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ നിഗമനം.
ക്രൂരമായ മര്‍ദനമേറ്റിട്ടില്ലെന്നത് വ്യക്തമാണ്. എന്നാല്‍, വടികൊണ്ടുള്ള അടിയേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. എന്നാല്‍, മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായി വാഹനത്തിലേക്ക് കയറ്റുന്നതിനായി പൊക്കിയെടുത്തപ്പോഴുണ്ടായതാണ് കക്ഷത്തിലെ പാടെന്നാണ് പോലിസിന്റെ വിശദീകരണം. 90 കിലോഗ്രാ ഭാരമുള്ള സുനില്‍കുമാറിനെ പൊക്കിയെടുത്തപ്പോള്‍ ശക്തിപ്രയോഗിക്കേണ്ടിവന്നുവെന്നാണ് കരുതുന്നത്. അങ്ങനെ ചെയ്യുമ്പോഴുണ്ടായ പാടുകളാണ് ഇതെന്നാണ് പോലിസ് പറയുന്നത്.
മരിച്ച സുനില്‍കുമാറിന്റെ ഭാര്യ രേഷ്മയുടെയും കൈകളുടെ കക്ഷത്തിനു താഴെയും ഇതേരീതിയിലുള്ള നേരിയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും എടുത്തുയര്‍ത്തിയപ്പോഴുണ്ടായതാവാമെന്നും പോലിസ് പറയുന്നു. ആന്തരികാവയവങ്ങളും സ്രവങ്ങളും ശാസ്ത്രീയപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. രാസപരിശോധനാ റിപോര്‍ട്ടുകൂടി ലഭിച്ചെങ്കില്‍ മാത്രമേ ആന്തരികക്ഷതമേറ്റിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
Next Story

RELATED STORIES

Share it