kasaragod local

സുനാമി തിരയില്‍ കാണാതായ തൊഴിലാളിയുടെആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്

കാസര്‍കോട്്: 2004ല്‍ നടന്ന സുനാമിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സിറ്റിങില്‍ സ്വമേധയാ കേസ് എടുത്ത കമ്മീഷന്‍ ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ആളെ കാണാതായതായി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷവും തിരിച്ചെത്തിയില്ലെങ്കില്‍ അയാള്‍ മരിച്ചതായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. ആ നിലയ്ക്ക് ഈ മല്‍സ്യത്തൊഴിലാളി സുനാമി ദുരന്തത്തില്‍ മരിച്ചതായി കണക്കാക്കി ഇദ്ദേഹത്തിന്റെ കുടുംബത്തിനു മരണാനന്തരം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. സുനാമിത്തിരയില്‍ കീഴുര്‍ കടപ്പുറത്തുനിന്നുമാണ് ബേക്കല്‍ കുനിക്കൂട്ടക്കാര്‍ വീട്ടില്‍ ബാലന്‍ എന്ന മല്‍സ്യത്തൊഴിലാളിയെ കാണാതായത്. ബാലന്റെ കുടുംബത്തിനു മരണാന്തര സഹായത്തിന് അര്‍ഹതയുണ്ടെന്നു റവന്യുവകുപ്പും കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആധാര്‍ കാര്‍ഡില്‍ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും നല്‍കിയിട്ടും അപ്‌ഡേഷന്‍ നടന്നില്ലെന്ന പരാതിയില്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടി. അപ്‌ഡേഷന്‍ കൃത്യമായി നടക്കാത്തതിനാല്‍ പരാതിക്കാരനു മൊബൈല്‍ സിം കാര്‍ഡ് എടുക്കുവാന്‍ കഴിയുന്നില്ലെന്നു കാറഡുക്കയില്‍ നിന്നുള്ള വിജയന്റെ പരാതിയില്‍ പറയുന്നു. പടന്ന മുണ്ട്യായിലെ ക്ഷേത്രത്തില്‍ ജാതിയുടെ പേരുപറഞ്ഞു വിലക്കുന്നുവെന്ന പരാതിയില്‍ കാസര്‍കോട് ഡിവൈഎസ്പിയോട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദേശിച്ചു. അമ്പലക്കമ്മിറ്റിയോടും വിശദീകരണം ആവശ്യപ്പെടും. ചെമനാട് പഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്ന പരാതിയില്‍ സെക്രട്ടറി ഹാജരായി റിപോര്‍ട്ട് സമര്‍പ്പിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിങില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങില്‍ മൊത്തം 71 പരാതികളാണ് പരിഗണിച്ചത്. മറ്റു പരാതികളില്‍ പോലിസിനോടും വിവിധ വകുപ്പുകളോടും റിപോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അടുത്ത സിറ്റിങ് മാര്‍ച്ച് 27ന് നടക്കും.
Next Story

RELATED STORIES

Share it