സുനാമിയും ഭൂകമ്പവും; ഇന്തോനീസ്യയില്‍ നിരവധി പേരെ കാണാനില്ല

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി. ഇന്നലെ റിക്റ്റര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി രൂപപ്പെട്ടത്. ഇന്തോനീസ്യയിലെ പലു നഗരത്തെ സുനാമി ബാധിച്ചതായി അധികൃതര്‍ അറിയിച്ചു.
തീരത്തെ കെട്ടിടങ്ങള്‍ തകരുന്നതിന്റെയും സമുദ്രയാനങ്ങള്‍ തിരകളില്‍പ്പെട്ട് കരയിലടിയുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സുനാമിയില്‍ തീരത്തെ വീടുകള്‍ തകര്‍ന്നതായും ആളുകളെ കാണാതായതായും ഇന്തോനീസ്യന്‍ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മധ്യ സുലവേസി ദ്വീപിലേക്കുള്ള വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടതായി ദുരന്തനിവാരണ വിഭാഗം വക്താവ് സുതോപോ പുവ്വോ നുഗ്രോഹോ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറണമെന്നും തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് നിര്‍ദേശം നല്‍കി.
ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെയാണ് മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള പലു നഗരം. ഇന്നലെ ഏതാനും ചെറു ഭൂകമ്പങ്ങള്‍ക്കു പിറകേയാണ് ശക്തമായ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിനു പിറകെ സുനാമി മുന്നറിയിപ്പ് നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. മൂന്നു മീറ്ററോളം തിരമാലകള്‍ ഉയരാവുന്ന സുനാമി ഉണ്ടാവുമെന്നായിരുന്നു ഇന്തോനീസ്യന്‍ ഏജന്‍സി ഫോര്‍ മെറ്റിയോറോളജി ക്ലൈമറ്റോളജി ആന്റ് ജിയോഫിസിക്‌സ് നല്‍കിയ മുന്നറിയിപ്പ്. മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
2004 ഡിസംബര്‍ 26ന് വടക്കന്‍ ഇന്തോനീസ്യയിലെ സുമാത്ര ദ്വീപിലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലായി 2.26 ലക്ഷം പേര്‍ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it