Idukki local

സുദാന്‍ സ്വദേശിയുടെ ബ്രെയിന്‍ ട്യൂമര്‍ തൊടുപുഴയില്‍ വിജയകരമായി നീക്കം ചെയ്തു



തൊടുപുഴ: ദക്ഷിണാഫ്രിക്കയിലെ സുഡാന്‍ സ്വദേശിക്ക് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബോബി ജോസിന്റെ നേതൃത്വത്തില്‍ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി.പത്തുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ക്രിക്കറ്റ് ബോളിന്റെ വലിപ്പമുള്ള മുഴ നീക്കം ചെയ്തതെന്ന് ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ചാഴികാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുഡാനില്‍ നിന്നുള്ള അബ്ദുര്‍ റഹ്മാനാണ്(45) ശസ്ത്രക്രിയയ്ക്ക് വിധേയനായത്.ശസ്ത്രക്രിയയ്ക്കായി ഇദ്ദേഹം പല രാജ്യങ്ങളിലെയും ഡോക്ടര്‍മാരെ സമീപിച്ചിരുന്നെങ്കിലും അപകടസാധ്യതയുള്ളതാണെന്നായിരുന്നു മറുപടി. ഇന്ത്യയിലെ മറ്റു ചില ആശുപത്രികളെ സമീപിച്ച ശേഷമാണ് ചാഴികാട്ട് ആശുപത്രിയെ ബന്ധപ്പെട്ടത്. മെഡിക്കല്‍ ടൂറിസം വിങുമായി ബന്ധപ്പെട്ടാണ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ഇദ്ദേഹം എത്തിയത്. ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ബോബി ജോസ് രോഗിക്ക് ആത്മവിശ്വാസം നല്‍കി ശസ്ത്രക്രിയ ചെയ്യാമെന്നേറ്റു. ഇതനുസരിച്ചാണ് അബദുള്‍ റഹ്മാന്‍ ഇന്ത്യയിലേക്ക് തിരിച്ചത്.  മെയ് രണ്ടിന് ആശുപത്രിയില്‍ പ്രവേശിച്ചു. അഞ്ചിനായിരുന്നു ശസ്ത്രക്രിയ. ഇതിനായി നാലേകാല്‍ ലക്ഷം രൂപയാണ് രോഗിക്ക് ചെലവായത്. തലയുടെ ഇടതുഭാഗത്ത് തലച്ചോറിലെ പ്രധാന ഞരമ്പിനുള്ളിലേയ്ക്കാണ് ട്യൂമര്‍ വളര്‍ന്നിരുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുക ഏറെ അപകടകരമായിരുന്നു. 6.5 സെന്റിമീറ്റര്‍ വലുപ്പമുള്ള ട്യൂമറാണ് നീക്കിയത്. ഇതിനു ശേഷം ഒരു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു. ഒരാഴ്ച കഴിഞ്ഞ് ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങും.ശസ്ത്രക്രിയയില്‍ ഡോ. ബോബി ജോസിനെ സഹായിക്കാന്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ബിജിത്ത്, അനസ്‌തേഷ്യസ്റ്റ് ഡോ. രഞ്ജിത് എന്നിവരും ഉണ്ടായിരുന്നു. അത്യാധുനിക ജര്‍മന്‍ സാങ്കേതിക വിദ്യയിലൂന്നിയ ഉപകരണങ്ങളാണ് ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് ഡോ. സ്റ്റീഫന്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന രോഗികള്‍ക്കു വേണ്ടി പ്രത്യേക സജ്ജീകരണങ്ങളുണ്ട്. കാര്‍ഡിയോളജി വിഭാഗം ഉടന്‍ ആരംഭിക്കും. അതോടൊപ്പം നെഫ്രോളജി വിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങളും ഉടന്‍ നിലവില്‍ വരും. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ടു രോഗികള്‍ കൂടി ഇവിടെ ചികിത്സയിലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ. ബോബി ജോസ്, ആശുപത്രി ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര, പിആര്‍ഒ മനോജ്കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it