wayanad local

'സീറോ വേസ്റ്റ്' നഗരമാവാനൊരുങ്ങി കല്‍പ്പറ്റ

കല്‍പ്പറ്റ: ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായി 'സീറോ വേസ്റ്റ്' നഗരമായി മാറാന്‍ കല്‍പ്പറ്റ നഗരസഭ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ 12 വാര്‍ഡുകളില്‍ സീറോ വേസ്റ്റ് പദ്ധതി ആറു മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും. സീറോ വേസ്റ്റ് ഓണ്‍ഗ്രൗണ്ട് കാംപയിന് നഗരസഭയില്‍ തുടക്കമായി. പദ്ധതി വിശദീകരിച്ച് ശില്‍പശാലയും നടത്തി. ശരിയായ മാലിന്യ പരിപാലന സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവമാലിന്യ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന വാര്‍ഡുകള്‍ അടുത്ത ദിവസം തിരഞ്ഞെടുക്കും. ഓരോ വാര്‍ഡിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും.
തുടര്‍ന്ന് നഗരസഭാതലത്തില്‍ പദ്ധതിക്ക് ടെക്‌നിക്കല്‍ സപോര്‍ട്ട് ടീം രൂപീകരിക്കും. ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെ വാര്‍ഡ്തല യോഗങ്ങള്‍ നടത്തി പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ശില്‍പശാലയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ ഷാജി ക്ലമന്റ് പദ്ധതി വിശദീകരിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ മാളുക്കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it