malappuram local

സി സോണ്‍ കലോല്‍സവം : പിഎസ്എംഒ കോളജിന് കിരീടം



മലപ്പുറം:  കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോല്‍സവത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ നിലവിലെ ചാംപ്യന്മാരായ പിഎസ്എംഒ കോളജിന്റെ നേട്ടം തകര്‍ക്കാന്‍ ശ്രമിച്ച മമ്പാട് എംഇഎസിന്് അവസാന നിമിഷം അടിപതറി. അര്‍ധരാത്രി വരെ നീണ്ട മല്‍സരത്തില്‍ 195 പോയിന്റ് നേടി പിഎസ്എംഒ കോളജില്‍ ഒന്നാമതെത്തിയപ്പോള്‍ 192 പോയിന്റോടെ മമ്പാട് എംഇഎസ് കോളജ്് രണ്ടാംസ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം ഒഴികെ തുടര്‍ച്ചയായി രണ്ടുതവണ മമ്പാട് എംഇഎസ് കോളജ് ആയിരുന്നു സി സോണ്‍ ചാംപ്യന്‍മാര്‍. ഇതിനു മുമ്പ് തുടര്‍ച്ചയായി പത്തുവര്‍ഷം പിഎസ്എംഒ കോളജിനായിരുന്നു സി സോണ്‍ കിരീടം. ഒരു പോയിന്റ് വിത്യാസത്തില്‍ കഴിഞ്ഞ തവണ സി സോണ്‍ കിരീടം നഷ്ടപ്പെട്ട മമ്പാട് എംഇഎസിന് ഇത്തവണ മൂന്നുപോയിന്റ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്. 91 പോയിന്റുനേടിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് ആണ് മൂന്നാംസ്ഥാനത്തെത്തി. കലോല്‍സവത്തിന്റെ സമാപന സമ്മേളനം സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്‍ത്തനം നടത്തിയ ഡോ.ഗീതനമ്പ്യാര്‍ (സേവനം), ഫസല്‍ മറ്റത്തൂര്‍ (മീഡിയ), ഇര്‍ഷാദ് കൊട്ടപ്പുറം, നവാസ് ശരീഫ് (സംഘാടനം), പി കെ ജുനൈദ് (ലോഗോ തയ്യാറാക്കിയത്) എന്നിവര്‍ക്കുള്ള ഉപഹാരം പി സുരേന്ദ്രന്‍ നല്‍കി. വിജയികള്‍ക്കുള്ള ട്രോഫി പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ ഡോ. സെനുല്‍ ആബിദ് കോട്ട നല്‍കി. ടി പി ഹാരിസ് അധ്യക്ഷത വഹിച്ചു. കണ്ണിയന്‍ മുഹമ്മദലി,  പി വി അഹമ്മദ് സാജു, എന്‍ എ കരീം, വി പി അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, സാദിഖ് കൂളമടത്തില്‍, ശരീഫ് വടക്കയില്‍, കെ എം ഇസ്മാഈല്‍, ഇബ്രാഹീം ബാദുഷ സംസാരിച്ചു. ഏപ്രില്‍ 28നാണ് കലോല്‍സവത്തിന് തിരിതെളിഞ്ഞത്. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 120 കോളജുകളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രതിഭകള്‍ ആറുദിവസങ്ങളിലായി മാറ്റുരച്ചു.
Next Story

RELATED STORIES

Share it