World

സിറിയന്‍ സൈനിക താവളത്തില്‍ വ്യോമാക്രമണം

ബെയ്‌റൂത്ത്: സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ സൈനികത്താവളത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. ഹുംസ് നഗരത്തിനു സമീപമുള്ള തിയാസില്‍ ടി4 എന്നറിയപ്പെടുന്ന സൈനികത്താവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇറാന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ആക്രമണത്തിനു പിന്നില്‍ ഇസ്രായേലാണെന്നു സിറിയന്‍ സര്‍ക്കാരും റഷ്യയും ആരോപിച്ചു. ഇസ്രായേല്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ആക്രമണത്തിനു പിന്നില്‍ യുഎസ് ആണെന്നാണ് സിറിയ ആദ്യം ആരോപിച്ചിരുന്നത്. ലബ്‌നാനിലെ എയര്‍ ബെയ്‌സില്‍ നിന്നു രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസം ഗൂത്തയില്‍ സിറിയന്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരേ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനു സിറിയന്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ബശ്ശാറുല്‍ അസദ് മൃഗമാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനികത്താവളത്തിനു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്ത സിറിയ പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it