സിബിഐയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബിജെപി ശ്രമം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിബിഐയെ തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനു—ള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും ഒറ്റരാത്രി കൊണ്ട് നീക്കിയതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണ്. ഇതു സിബിഐയെ പരിപൂര്‍ണമായി തകര്‍ക്കും. റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ കള്ളക്കളികളെയും വന്‍ അഴിമതിയെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ പക്കല്‍ ഉണ്ടായിരുന്നത് കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുത്തിയിരുന്നുവെന്നാണ് അറിയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അലോക് വര്‍മയെ പുകച്ച് പുറത്തുചാടിക്കാന്‍ തക്കംപാര്‍ത്തിരുന്ന നരേന്ദ്രമോദി സര്‍ക്കാരിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സ്‌െപഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ എടുത്ത നടപടി ഒരായുധമായി മാറുകയായിരുന്നു. ഭരണഘടനാവിരുദ്ധമായ ഒരു അട്ടിമറിയാണ് കേന്ദ്രസര്‍ക്കാര്‍ സിബിഐയില്‍ നടത്തിയത്. ബിജെപി നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ സിബിഐ ശേഖരിച്ചത് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. റഫേല്‍ അഴിമതി പുറത്താകുമോ എന്ന ഭയമാണ് സിബിഐക്കെതിരേ സര്‍ജിക്കല്‍ സ്—ട്രൈക്ക് നടത്താന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുകയാണ്.
ജൂനിയറായ ഒരു ഉദ്യോഗസ്ഥന് സിബിഐ ഡയറക്ടറുടെ ചുമതല കൊടുക്കുന്നതോടെ തങ്ങള്‍ക്കെതിരായി സിബിഐയുടെ കൈയിലിരിക്കുന്ന വിവരങ്ങള്‍ കുഴിച്ചുമൂടാമെന്നാണ് ബിജെപി കരുതുന്നത്. കോണ്‍ഗ്രസും മറ്റു ജനാധിപത്യ മതേതര കക്ഷികളും അത് ഒരിക്കലും അനുവദിക്കാന്‍ പോവുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it