സിബിഎസ്ഇ സംസ്ഥാന ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ കേരളത്തിലും വ്യാപക പ്രതിഷേധം. വീണ്ടും പരീക്ഷ നടത്തുമെന്ന പ്രഖ്യാപനം വന്നതിനെത്തുടര്‍ന്ന് എതിര്‍പ്പുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തി.
സിബിഎസ്ഇ സംസ്ഥാന ആസ്ഥാനത്തേക്ക് ഇന്നലെ വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. ഇനിയും പരീക്ഷ നടത്തുന്നതു തുടര്‍പഠനത്തെ ബാധിക്കുമെന്നും തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്നുമാണു വിദ്യാര്‍ഥികളുടെ ആവശ്യം. കേരളത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ വീണ്ടും പരീക്ഷ നടത്തുന്നത് അനാവശ്യമാണ്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി ഇക്കണോമിക്‌സ് പരീക്ഷയാണു വീണ്ടും നടത്തുമെന്ന ആറിയിപ്പുവന്നത്. സംസ്ഥാനത്ത് 8843 വിദ്യാര്‍ഥികളാണ് ഇക്കണോമിക്‌സ് പരീക്ഷയെഴുതിയത്. ജൂലൈയില്‍ പരീക്ഷ നടത്തിയാല്‍ ഫലം വരുന്നതും വൈകും. ഇതു തുടര്‍പഠനത്തെ ബാധിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കണമെന്ന നിലപാടാണ് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും. കേരളത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിവരമില്ല. അതിനാല്‍, അടിയന്തരമായി പഠനം നടത്തി ഇക്കാര്യം സ്ഥിരീകരിക്കണം. അതിനുശേഷം, ആവശ്യമെങ്കില്‍ പുനപ്പരീക്ഷയെക്കുറിച്ചു തീരുമാനമെടുക്കണമെന്നും അസോസിയേഷന്‍ പ്രതിനിധി ഇന്ദിര രാജന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ സിബിഎസ്ഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it