Flash News

സിബിഎസ്ഇ പരീക്ഷ റദ്ദാക്കല്‍; പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി

സിബിഎസ്ഇ പരീക്ഷ റദ്ദാക്കല്‍; പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി
X


ദമ്മാം: സിബിഎസ്ഇ പത്താംതരം കണക്ക്, 12ാംതരം ധനതത്വശാസ്ത്രം പരീക്ഷകള്‍ റദ്ദാക്കി പിന്നീട് നടത്തുവാനുള്ള തീരുമാനം നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി. സൗദി അറേബ്യയിലെ നിലവിലെ തൊഴില്‍ നിയമ, സാമ്പത്തിക പ്രതികൂല സാഹചര്യങ്ങള്‍ കാരണം നിരവധി കുടുംബങ്ങളാണ് ഫൈനല്‍ എക്‌സിറ്റ് നേടി ടിക്കറ്റുള്‍പ്പെടെ ബുക്ക് ചെയ്ത് പരീക്ഷ കഴിഞ്ഞ ഉടനെ നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറെടുത്തത്. പ്രവാസികളായ കുട്ടികള്‍ക്ക് റദ്ദാക്കിയ പരീക്ഷകള്‍ എഴുതാന്‍ നാട്ടില്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍, പരീക്ഷാ കണ്‍ട്രോളര്‍, ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അഭ്യര്‍ഥിച്ചു.

ചോദ്യക്കടലാസ് ചോര്‍ച്ച കേന്ദ്ര സര്‍ക്കാരിന്റെയും സിബിഎസ്ഇയുടെയും പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് വ്യക്തമാക്കുന്നതെന്ന് നവോദയ സാംസ്‌കാരിക വേദി കുറ്റപ്പെടുത്തി. ഏറെക്കാലത്തെ പ്രയത്‌നത്തിന് ശേഷം പരീക്ഷ എഴുതിത്തീര്‍ന്ന ആശ്വാസവുമായി വീട്ടിലെത്തിയ വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഇതില്‍ എറെ കെടുതിക്കിരയായവര്‍ പ്രവാസി കുടുംബങ്ങളാണ്. പരീക്ഷ കഴിഞ്ഞ് ഇന്നു മുതല്‍ നാട്ടിലേക്ക് പുറപ്പെടാന്‍ ടിക്കറ്റും എക്‌സിറ്റ് വിസയുമായി തയ്യാറെടുത്ത നിരവധി പ്രവാസി കുടുംബങ്ങളെ പരീക്ഷ റദ്ദാക്കല്‍ വലിയ പ്രതിസന്ധിയിലും ആശങ്കയിലുമാണ് ആക്കിയിരിക്കുന്നത്. മാനസിക വിഷമത്തിന് പുറമേ പ്രവാസികള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. ചോര്‍ച്ച നടന്ന റീജ്യനൊഴികെ സുരക്ഷിതമായി പരീക്ഷ നടന്ന ഗള്‍ഫ് മേഖലയെ പുനഃപ്പരീക്ഷയില്‍ നിന്നും മുക്തരാക്കാന്‍ നടപടിയുണ്ടാവണം. ഭാരതത്തിന്റെ മോടി കൂട്ടാന്‍ ലോകം കറങ്ങിയടിക്കുന്ന മോദിക്ക് സ്വന്തം നാട്ടിലൊരു ഒരു സ്‌കൂള്‍ പരീക്ഷ ന്യൂനതകള്‍ കൂടാതെ നടത്താന്‍ കഴിയാത്തത് ലജ്ജാകരമാണന്നും ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും നവോദയ അഭിപ്രായപ്പെട്ടു. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എം പി രാജേഷ് ഫാക്‌സ് സന്ദേശത്തിലൂടെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാഷ് ജാവേദ്ഖറിന്റെ അടിയന്തര ശ്രദ്ധ ക്ഷണിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it