സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു സുധാകര്‍ റെഡ്ഡി വീണ്ടും

സുധീര്‍ കെ ചന്ദനത്തോപ്പ്
കൊല്ലം: സിപിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡിയെ ഇന്നലെ കൊല്ലത്ത് സമാപിച്ച 23ാം പാര്‍ട്ടി കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് സുധാകര്‍ റെഡ്ഡി സിപിഐയുടെ അമരത്ത് എത്തുന്നത്. ഗുരുദാസ് ദാസ് ഗുപ്ത സ്ഥാനമൊഴിഞ്ഞെങ്കിലും പുതിയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ യോഗത്തില്‍ തിരഞ്ഞെടുത്തില്ല. ദേശീയ കൗണ്‍സില്‍ ആയിരിക്കും ഇനി പുതിയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുക.
ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നു പന്ന്യന്‍ രവീന്ദ്രനെ ഒഴിവാക്കി. ഇദ്ദേഹത്തെ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. നേരത്തേ ക്ഷണിതാവായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സ്ഥിരം അംഗമാക്കി. പന്ന്യന്റെ ഒഴിവില്‍ ബിനോയ് വിശ്വത്തെയും ദേശീയ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. ഒമ്പത് അംഗങ്ങളാണ് മുമ്പ് ദേശീയ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ ഇത് 11 ആയി ഉയര്‍ത്തുകയായിരുന്നു.
31 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ എട്ടു പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ കെ ഇ ഇസ്മയിലിനെ നിലനിര്‍ത്തി. അതേസമയം, ദേശീയ കൗണ്‍സിലില്‍ നിന്നു സി ദിവാകരന്‍, സി എന്‍ ചന്ദ്രന്‍, കമല സദാനന്ദന്‍, സത്യന്‍ മൊകേരി എന്നിവര്‍ പുറത്തായി. കേരളത്തില്‍ നിന്ന് അഞ്ച് പുതുമുഖങ്ങള്‍ ദേശീയ കൗണ്‍സിലിലെത്തി. കെ പി രാജേന്ദ്രന്‍, എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, ഇ ചന്ദ്രശേഖരന്‍ എന്നിവരെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി.
Next Story

RELATED STORIES

Share it