സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്: വിശാല സഖ്യം ചര്‍ച്ചയാവും

കൊല്ലം: കൊല്ലത്തു നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബിജെപിക്കെതിരേ വിശാല സഖ്യം ചര്‍ച്ചയാവും. ബിജെപിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ സമാന സ്വഭാവമുള്ള ഏതു പാര്‍ട്ടികളുമായും സഹകരിക്കാമെന്ന നിലപാടാണ് സിപിഐക്കുള്ളത്. അതിനായി സഹകരിക്കുന്ന പാര്‍ട്ടികളുടെ ജാതകം നോക്കേണ്ടെന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. നേരത്തേ കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒരിടത്തുപോലും കോണ്‍ഗ്രസ്സിന്റെ പേര് സിപിഐ പരാമര്‍ശിച്ചിരുന്നില്ല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്സുമായി സഹകരണമാവാം എന്ന നിലപാട് വന്ന സാഹചര്യത്തില്‍ ഇക്കാര്യം സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സിലും ചര്‍ച്ചയാവും. ഇന്നത്തെ ഉദ്ഘാടന സെഷനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതുസംബന്ധിച്ച് സംസാരിക്കുമെന്നാണു സൂചന.
കോണ്‍ഗ്രസ്സുമായി നേരിട്ട് സഖ്യം വേണ്ടെന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ കേരള ഘടകം സ്വീകരിക്കുകയെന്നു സൂചനയുണ്ട്. എന്നാല്‍, പാര്‍ട്ടി ശിഥിലമായ, കോണ്‍ഗ്രസ്സിന് വേരോട്ടമുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ കോണ്‍ഗ്രസ്സുമായി നേരിട്ട് സഖ്യം വേണമെന്ന നിലപാടായിരിക്കും കൈക്കൊള്ളുക.
അതേസമയം, കെ ഇ ഇസ്മയിലിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. നേരത്തേ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ കൂട്ടത്തോടെ വിട്ടുനിന്നത് ഇസ്മയില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപോര്‍ട്ടിനൊപ്പം ഇസ്്മയിലിനെ വിമര്‍ശിച്ച കണ്‍ട്രോള്‍ കമ്മീഷന്‍ റിപോര്‍ട്ടും അംഗീകരിച്ചിരുന്നു. ഇതിനെതിരേ ഇസ്്മയില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനെ സമീപിച്ചതായാണു വിവരം. ഇക്കാര്യങ്ങള്‍ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചേക്കും. ചര്‍ച്ചയില്‍ കേരള ഘടകം ഇസ്്മയിലിനെതിരായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണു വിവരം.
ഇസ്്മയില്‍ ഒഴിവാക്കപ്പെട്ടാല്‍ പകരം സി ദിവാകരന്റെ പേര് പരിഗണിക്കാനുള്ള സാധ്യതയാണുള്ളത്. ഇസ്മായിലിനു പുറമേ പന്ന്യന്‍ രവീന്ദ്രനും കാനവുമാണ് ദേശീയ എക്‌സിക്യൂട്ടീവില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍.
Next Story

RELATED STORIES

Share it