kannur local

സിപിഎമ്മുമായി കൊമ്പുകോര്‍ത്തു; മുഴക്കുന്ന് എസ്‌ഐയെ സ്ഥലംമാറ്റി

ഇരിട്ടി: എസ്എഫ്‌ഐ നേതാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന സംഭവത്തില്‍ മുഴക്കുന്ന് എസ് ഐപി രാജേഷിനെ സ്ഥലം മാറ്റി. കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
സ്‌കൂള്‍ പ്രവേശനോല്‍സവ ദിവസം ജൂണ്‍ 12ന് തില്ലങ്കേരി കാവുംപടി സിഎച്ച് മെമ്മോറിയല്‍ സ്‌കൂളിനടുത്ത് സ്ഥാപിച്ച എസ്എഫ്‌ഐയുടെ പ്രചാരണ ബോര്‍ഡുകളും മറ്റും മുഴക്കുന്ന് പോലിസ് എടുത്തുമാറ്റുന്നത് ചോദ്യംചെയ്ത എസ്എഫ്‌ഐ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗവും നിയമവിദ്യാര്‍ഥിയുമായ കെ പി രാഹുലിനെ മുഴക്കുന്ന് എസ്‌ഐ പി രാജേഷ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നും എസ്‌ഐയ്‌ക്കെതിരേ കേസെടുക്കണമെന്നും സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ട് തില്ലങ്കേരി, മുഴക്കുന്ന് പ്രദേശത്തെ സിപിഎം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുഴക്കുന്ന് പോലിസ് സ്‌റ്റേഷനു മുന്നില്‍ ഉപരോധസമരം നടത്തുകയും ചെയ്തിരുന്നു. പോലിസിന്റ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി എസ്എഫ്‌ഐ നേതാവ് രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം എസ്‌ഐ കേസെടുത്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഈ സംഭവങ്ങളുള്‍പ്പെടെ നിരവധി സംഭവങ്ങളിലായി സിപിഎം പ്രാദേശിക നേതൃത്വവുമായി എസ്‌ഐ രാജേഷ് കൊമ്പുകോര്‍ത്തിരുന്നു. ഇതും സ്ഥലം മാറ്റത്തിന് കാരണമായി. കാസര്‍ഗോഡ് സ്വദേശിയായ എസ്‌ഐ രാജേഷ് നാളെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയായി ചുമതലയേല്‍ക്കും. മട്ടന്നൂര്‍ അഡീഷനല്‍ എസ് ഐയായ വിജേഷിനെ മുഴക്കുന്ന് എസ്‌ഐയായി നിയമിച്ചിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ വിജേഷ് നാളെ ചുമതലയേല്‍ക്കും.
Next Story

RELATED STORIES

Share it