Flash News

സിപിഎം സംസ്ഥാന വ്യാപകമായി കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു: എസ്ഡിപിഐ

തിരുവനന്തപുരം: കെട്ടുകഥകള്‍ മെനഞ്ഞും കുപ്രചാരണങ്ങള്‍ നടത്തിയും സംസ്ഥാന വ്യാപകമായി കലാപത്തിന് സിപിഎം കോപ്പുകൂട്ടുന്നതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആരോപിച്ചു.
പേരാമ്പ്രയില്‍ എസ്എഫ്‌ഐക്കാരനെ വെട്ടി, തിരുവനന്തപുരം ആറ്റിങ്ങലില്‍ നവദമ്പതിമാര്‍ക്കു ഭീഷണി, അടൂരില്‍ ആയുധശേഖരം പിടികൂടി, പത്തനംതിട്ടയില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തെ വെട്ടി, കോഴിക്കോട് മീഞ്ചന്ത കോളജില്‍ അക്രമം തുടങ്ങിയവ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളാണെന്ന് അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. സംസ്ഥാനവ്യാപകമായി സിപിഎമ്മിന്റെ ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞതോടെയാണ് പുതിയ ആരോപണങ്ങളുമായി രംഗത്തുവരുന്നത്. പ്രാദേശികതലങ്ങളില്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് കലാപത്തിനു കോപ്പുകൂട്ടുമ്പോള്‍ ക്രമസമാധാനപാലനത്തിന് ശ്രമിക്കേണ്ട പോലിസ് ഏകപക്ഷീയമായി പെരുമാറുകയാണ്. സിപിഎം നീക്കങ്ങളെക്കുറിച്ച് ഡിജിപിക്ക് പരാതി അയച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ആറ്റിങ്ങലില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ക്കു നേരെ വധഭീഷണി മുഴക്കിയെന്നു കാട്ടി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോക്കെതിരേയും എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി. സംഭവം കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ഹാരിസണ്‍ ഹാരിസ് എന്ന പേരിലുള്ളയാളുടെ ഫേ—സ്ബുക്ക് പേജിലാണ് വീഡിയോ അപ്്‌ലോഡ് ചെയ്തത്. അതില്‍ പറയുന്ന പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, വീഡിയോ പ്രത്യക്ഷപ്പെട്ട ശേഷമാണ് ഈ സംഭവം പാര്‍ട്ടിപ്രവര്‍ത്തകര്‍ അറിയുന്നതുപോലും. ഇതിനു പിന്നില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള കൃത്യമായ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it