സിപിഎം യാഥാര്‍ഥ്യം തിരിച്ചറിയണം

എ  പി   വിനോദ്
നീലേശ്വരം: ഓംെലറ്റ് ഉണ്ടാക്കണമെങ്കില്‍ ആദ്യം വേണ്ടത് മുട്ട പൊട്ടിക്കുകയാണെന്നും പിന്നീടാണ് ഉപ്പും കുരുമുളകും അടക്കമുള്ള ചേരുവ ചേര്‍ക്കണമെന്നുള്ള യാഥാര്‍ഥ്യം സിപിഎം മനസ്സിലാക്കണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ്  വിശ്വം പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഐ ദേശീയ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് നീലേശ്വരത്ത് നല്‍കിയ സ്വീകരണത്തില്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപമായ ബിജെപിയും ആര്‍എസ്എസുമാണ് മുഖ്യശത്രുവെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കമില്ല. എന്നാല്‍, അധികാരത്തില്‍ നിന്നു ബിജെപിയെ പുറത്താക്കാന്‍ വിശാല മതേതര ജനാധിപത്യ വേദി ഉണ്ടാക്കണമെന്നാണ് സിപിഐയുടെ നിലപാട്. കോണ്‍ഗ്രസ്സുമായി യാതൊരു സഖ്യവും പാടില്ലെന്ന നിലപാട് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ യോജിച്ചതല്ല.
ഇപ്പോള്‍ തെലങ്കാനയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടു പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. സിപിഎമ്മിനു പ്രമേയം അവതരിപ്പിക്കാന്‍ യുക്തിയും അവകാശവുമുണ്ട്. ചില നേതാക്കളുടെ വാശിയാണ് രണ്ടാമത്തെ പ്രമേയം അവതരിപ്പിക്കാന്‍ ഇടയാക്കിയത്. രണ്ടു കേന്ദ്ര കമ്മിറ്റിയിലും പാര്‍ട്ടി കോണ്‍ഗ്രസ്സിലും ചര്‍ച്ച ചെയ്തിട്ടും സമവായത്തില്‍ എത്താനാവാത്തത് സിപിഎമ്മിലെ ചില നേതാക്കളുടെ ധാര്‍ഷ്ട്യം കൊണ്ടാണ്. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ യാഥാര്‍ഥ്യം മറച്ചുപിടിക്കാന്‍ സിപിഎമ്മിന് അധിക കാലം കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യമല്ല കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉത്തരാഞ്ചലിലും യുപിയിലും. ഇത് ഉള്‍ക്കൊള്ളണം.  വിശാല മതേതര ജനാധിപത്യ വേദിയുണ്ടാവേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ അനിവാര്യതയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ഈ ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ അന്ന് ഇതിനു വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല.
എന്നാല്‍, ഇന്ന് ഇന്ത്യയാകെ ചര്‍ച്ച ചെയ്യുന്നതും ആഗ്രഹിക്കുന്നതും ഇത്തരമൊരു വേദിയെക്കുറിച്ചാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാനാവില്ല. വിയോജിപ്പുകള്‍ മാറ്റിവച്ചുകൊണ്ടുതന്നെ മതേതര ജനാധിപത്യ ശക്തികളുമായി ഒരു ഐക്യനിരയുണ്ടാക്കണം. ബിജെപിയെയും ആര്‍എസ്എസിനെയും ഈ മണ്ണില്‍ നിന്നു തൂത്തെറിയാന്‍ ഇത്തരം കൂട്ടായ്മ അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Next Story

RELATED STORIES

Share it