സിപിഎം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; മകള്‍ക്ക് പൊള്ളലേറ്റു

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷമേഖലയായ കൂട്ടായി അരയന്‍ കടപ്പുറത്ത് വീടിനകത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീ ക്കൊടുത്തതിനെ തുടര്‍ന്ന് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. സിപിഎം പ്രവര്‍ത്തകന്‍ അരയന്‍ കടപ്പുറം കുറിയന്റെ പുരയ്ക്കല്‍ സൈനുദ്ദീന്റെ വീട്ടിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ സൈനുദ്ദീന്റെ മകള്‍ നിസല്‍ജ(16)യെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിയിലുണ്ടായിരുന്ന സൈനുദ്ദീന്റെ മാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തുറന്ന് കിടന്നിരുന്ന ജനലിലൂടെ മുറിക്കകത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് സൈനുദ്ദീന്‍ പറഞ്ഞു. താഴെ കിടക്കാന്‍ വിരിച്ചിരുന്ന പായയില്‍ തീ പടര്‍ന്നതോടെയാണ് നിസല്‍ജയ്ക്ക് പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. നിസല്‍ജ അപകടനില തരണംചെയ്തിട്ടുണ്ട്. വയോധികയായ വല്യുമ്മയ്ക്ക് കൂട്ട് കിടന്നതായിരുന്നു നിസല്‍ജ. കട്ടിലില്‍ ആയിരുന്നതിനാലാണ് വല്യുമ്മ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. വീടിന് പരിസരത്ത് നിന്ന് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
സിപിഎം-ലീഗ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായിരുന്ന മേഖലയില്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നതിനിടെയാണ് സംഭവം. സിപിഎം അനുഭാവിയും സമാധാനസമിതി അംഗവുമാണ് സൈനുദ്ദീന്‍. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇയാളുടെ വീടിന് നേരെ  ആക്രമണമുണ്ടായിരുന്നു. വീട്ടുസാമഗ്രികള്‍ തകര്‍ക്കുകയും ഭക്ഷണമുള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം വിതച്ച നടുക്കത്തില്‍ നിന്ന് കുടുംബം മോചിതരായി വരുന്നതിനിടെയാണ് പുതിയ സംഭവം. ആക്രമണത്തിന് രാഷ്ട്രീയബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it