Editorial

സിപിഎം പിടിച്ച മുയലിന് ഇപ്പോഴും കൊമ്പ് മൂന്ന്‌

ഗോവയിലും മണിപ്പൂരിലുമെന്നപോലെ മേഘാലയയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസ്സിനെ മറികടന്ന് ബിജെപി അധികാരം കൈയടക്കിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസ്സിന്റെ കഴിവുകേടോ കാവിരാഷ്ട്രീയത്തിന്റെ അതിമിടുക്കോ ആണെന്ന് പറഞ്ഞുകൂടാ. ചെറിയ സംസ്ഥാനങ്ങളാണ് വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശത്തുള്ളത്. കേന്ദ്ര ഫണ്ടുകളെ വളരെയധികം ആശ്രയിച്ചുനില്‍ക്കുന്ന ഈ സംസ്ഥാനങ്ങള്‍, കേന്ദ്രത്തില്‍ ആര്‍ക്കാണോ ഭരണം അവരെയാണ് മിക്കവാറും തുണയ്ക്കുക. ഇതേവരെ കോണ്‍ഗ്രസ്സായിരുന്നു ഈ നയത്തിന്റെ ഗുണഭോക്താക്കള്‍. ഇപ്പോള്‍ ബിജെപി പ്രസ്തുത നേട്ടം കൊയ്യുന്നു; അത്രയേയുള്ളൂ. അതോടൊപ്പം അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും നേതൃത്വത്തില്‍ ബിജെപി കൈക്കൊള്ളുന്ന തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത തന്ത്രങ്ങളെ പ്രതിരോധിക്കാന്‍, രാജ്യത്തുടനീളം നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയുടെ മുമ്പില്‍ തുഴയറ്റ്, ലക്ഷ്യംതെറ്റി പകച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ്സിനൊട്ട് സാധിക്കുന്നുമില്ല. അതാണ് കാവിരാഷ്ട്രീയത്തിന്റെ വിജയരഹസ്യം.
ഇങ്ങനെയൊരു പ്രതിസന്ധിമുഹൂര്‍ത്തത്തില്‍ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രയാസപ്പെടുത്തുകയാണോ രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും ഇടതുപക്ഷ ചിന്താഗതിക്കാരുടെയും ചുമതല? കുത്തകകളോടുള്ള ആഭിമുഖ്യം, മൃദുഹിന്ദുത്വം, അഴിമതി തുടങ്ങിയ പല കുറ്റങ്ങളും ചാര്‍ത്താവുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ച ഏറ്റുവാങ്ങുന്ന കോണ്‍ഗ്രസ്സിന് അതിന്റെ മതേതര സ്വഭാവം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുന്ന മതേതര പാര്‍ട്ടി ഇന്ത്യയില്‍ കോണ്‍ഗ്രസ്സാണുതാനും. മതേതരശക്തികളെ ഏകോപിപ്പിച്ചുനിര്‍ത്താനും കോണ്‍ഗ്രസ്സിനാണ് ഏറ്റവും നന്നായി സാധിക്കുക. അതുകൊണ്ടാണ് ഫാഷിസ്റ്റ് ശക്തികള്‍ കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ മുന്നോട്ടുനീങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ സിപിഎമ്മിന്റെ ആത്യന്തിക ലക്ഷ്യവും അതുതന്നെയാണ്. ത്രിപുരയില്‍ ഈ നിലപാടിന് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടിവന്നു. സിപിഎമ്മിനോടൊപ്പം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നതെങ്കില്‍ ചിത്രം മറിച്ചാവുമായിരുന്നു. ഈ അവസ്ഥ തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗവും സിപിഐയും ഫാഷിസത്തെ തോല്‍പ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേരണമെന്ന് താല്‍പര്യപ്പെടുന്നത്. എന്നാല്‍ രാജ്യം എത്തിച്ചേര്‍ന്നിട്ടുള്ള അപകടകരമായ അവസ്ഥ, ത്രിപുരയിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കുശേഷവും സിപിഎമ്മിന് തിരിച്ചറിയാനാവുന്നില്ല എന്നതാണ് കഷ്ടം.
ഈ സന്ദര്‍ഭത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും തെലുഗുദേശവും ഡിഎംകെയുമെല്ലാം ചേര്‍ന്ന് ഒരു ബിജെപിയിതര ബദല്‍ ഉണ്ടാക്കുന്നുവെങ്കില്‍ അതു നല്ലതാണ്. ബിജെപി ചോദ്യംചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമായാല്‍, അത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് ഭീഷണിയാവുമെന്ന് ഈ പ്രാദേശിക പാര്‍ട്ടികള്‍ തിരിച്ചറിയുന്നുണ്ടാവണം. ഈ തിരിച്ചറിവ് ബിജെപിയിതര സഖ്യം രൂപീകരിക്കാന്‍ പ്രേരകമാവുന്നത് സ്വാഭാവികവുമാണ്. അപ്പോഴും തങ്ങള്‍ പിടിച്ച മുയലിന്റെ കൊമ്പ് മൂന്നും എണ്ണിയിരിക്കുകയാണ് സിപിഎമ്മെങ്കില്‍ അതു മഹാകഷ്ടമായിരിക്കും.
Next Story

RELATED STORIES

Share it