Flash News

'സിപിഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി'

കോട്ടയം: സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ. സിപിഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ആരോപിച്ചു. ഗതികെട്ട് ആളുകള്‍ പാര്‍ട്ടി വിട്ട് കൂട്ടത്തോടെ പുറത്തേക്കുപോവുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ എത്ര പച്ചക്കൊടി കാണിച്ചാലും കെ എം മാണി എല്‍ഡിഎഫിലുണ്ടാവില്ലെന്നും ശശിധരന്‍ വ്യക്തമാക്കി. സിപിഐ കോട്ടയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സിപിഎമ്മിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. ബാര്‍ കോഴക്കേസില്‍ അഴിമതി ആരോപണവും വിജിലന്‍സ് കേസും നേരിട്ട മാണി ബജറ്റവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ പോരാട്ടം നടത്തിയവര്‍ അതിനെക്കുറിച്ചെല്ലാം മറന്നമട്ടാണ്. കാഴ്ചയില്‍ സുന്ദരന്‍മാരുമായി കൂട്ടുകൂടാന്‍ നടക്കുമ്പോള്‍, മുമ്പ് അവര്‍ക്കെതിരേ പറഞ്ഞ കാര്യങ്ങളും നടത്തിയ സമരങ്ങളും ഓര്‍ക്കുന്നത് നന്നാവും. അന്ന് മാണിക്കെതിരേ സമരം നടത്തി പോലിസിന്റെ തല്ലുമേടിച്ചവരും പോലിസ് കേസില്‍ ഉള്‍പ്പെട്ടവരുമായ ആളുകള്‍ എല്‍ഡിഎഫിലുണ്ട്. മാണിയെ എല്‍ഡിഎഫിലെത്തിക്കുമ്പോള്‍ അവരോട് എന്തു വിശദീകരണമാണ് നല്‍കുന്നത്. മാണിക്ക് നോട്ടെണ്ണുന്ന മെഷീനുണ്ടെന്നാണ് അന്ന് ആരോപിച്ചത്. ഇന്ന് മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം എവിടെപ്പോയെന്നും ശശിധരന്‍ ചോദിച്ചു. അധികാരമില്ലാത്തപ്പോള്‍ ഒരു നയവും അധികാരത്തിലെത്തുമ്പോള്‍ സ്വന്തം താല്‍പ്പര്യവുമെന്നത് സിപിഐയുടെ നയമല്ല. അഭിപ്രായം പറയാനുള്ളത് പാര്‍ട്ടി തുറന്നുപറയും. അതില്‍ ആരും അലോസരപ്പെട്ടിട്ടു കാര്യമില്ല. ആരുടെയും സര്‍ട്ടിഫിക്കറ്റിലല്ല സിപിഐ പ്രവര്‍ത്തിക്കുന്നത്. മൂന്നാറിലെ ഭൂമിയുടെ കസ്‌റ്റോഡിയന്‍ വൈദ്യുതമന്ത്രി എം എം മണിയാണ്. ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇവരെപ്പോലുള്ളവര്‍ സ്വീകരിക്കുന്നത്. മണി ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ വിമര്‍ശിക്കുന്നത് സ്‌കൂളില്‍ പോവാത്തതുകൊണ്ടാണ്. സിപിഐയുടെ വകുപ്പുകളിലെ പ്രവര്‍ത്തനമികവ് ചിലരെ ചൊടിപ്പിക്കുണ്ട്. ആ വകുപ്പുകളില്‍ അഴിമതിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. രാഷ്ട്രീയത്തില്‍ മുഖ്യ ശത്രു ബിജെപിയെന്ന് ഇനിയും അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ മറ്റ് പാര്‍ട്ടിക്കാരെ കുറ്റംപറഞ്ഞ് ബിജെപിക്ക് വളരാന്‍ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it