സിപിഎം എംഎല്‍എയ്‌ക്കെതിരേ കേസെടുത്ത എസ്‌ഐക്ക് സ്ഥലംമാറ്റം

തൊടുപുഴ: സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഓഫിസില്‍ അതിക്രമം കാട്ടിയ സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരേ കേസെടുത്ത എസ്‌ഐക്ക് സ്ഥലംമാറ്റം. മൂന്നാറില്‍ നിന്നു കട്ടപ്പനയിലേക്കാണു സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് മൂന്നാര്‍ അഡീ. എസ്‌ഐ കെ ജെ വര്‍ഗീസിനെ കട്ടപ്പനയിലേക്കു മാറ്റിക്കൊണ്ടുള്ള ജില്ലാ പോലിസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങിയത്.
സംഭവം വിവാദമായതോടെ സ്ഥലംമാറ്റത്തിനു പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ ഇല്ല എന്ന വാദവുമായി മുതിര്‍ന്ന ഉദ്യോഗസ്ഥരും രംഗത്തെത്തി. എസ്‌ഐയുടെ വീട് പെരുവന്താനത്തിനു സമീപമാണ്. ഇദ്ദേഹം പീരുമേട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചിരുന്നു. അതിനാലാണ് അടുത്ത സ്ഥലമായ കട്ടപ്പനയ്ക്ക് മാറ്റിയതെന്നാണ് ജില്ലാ പോലിസിന്റെ വാദം.
ഭരണപക്ഷം ഇടപെട്ട വിഷയങ്ങളില്‍ മാത്രം ഇതേ എസ്‌ഐയെ സ്ഥലംമാറ്റുന്നത് ഇതു മൂന്നാംതവണ. വര്‍ഗീസ് പെരുവന്താനത്ത് എസ്‌ഐ ആയിരുന്ന സമയത്ത് പഞ്ചായത്ത് ഭൂമിയില്‍ നിന്ന് തടി വെട്ടി കടത്തിയ കേസില്‍ സിപിഎം നേതാക്കള്‍ പ്രതിയായതോടെയാണ് ആദ്യ സ്ഥലംമാറ്റം. പീരുമേട്ടിലേക്കാണ്് അന്നു മാറ്റിയത്. പിന്നീട് പീരുമേട്ടില്‍ നിന്ന് മൂന്നാറിലേക്കു മാറ്റി. ഇവിടെ ഉണ്ടായ വാഹനാപകടക്കേസില്‍ പ്രതിയെ മാറ്റണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടതിന് വഴങ്ങാത്തതാണ് ഇവിടെ നിന്നു മാറ്റാന്‍ കാരണമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഓഫിസില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറിയത്.
കെട്ടിടത്തിന്റെ രണ്ടാംനിലയിലെ മുറികളുടെ താഴുകള്‍ പൊട്ടിച്ച് അകത്തു കയറി ഫര്‍ണിച്ചറുകള്‍ പുറത്തേക്കു മാറ്റി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവ. കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറി ഒരുക്കുന്നതിനായിരുന്നു ഇതെന്നാണ് എംഎല്‍എയുടെ വാദം. എന്നാല്‍ അതിന് ഇതാണോ രീതിയെന്ന മറുചോദ്യം എതിര്‍പക്ഷം ഉയര്‍ത്തി. പ്രത്യേക കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന കൈയേറ്റരേഖകള്‍ കടത്താനാണ് ഇതെന്ന ആരോപണവും ഉയര്‍ന്നു. ദേവികുളം എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസില്‍ദാര്‍ പി കെ ഷാജി, കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകരായ 50 പേര്‍ എന്നിവര്‍ക്കെതിരേയും പിറ്റേന്ന് മൂന്നാര്‍ പോലിസ് കേസെടുത്തിരുന്നു. കേസെടുത്ത് ഒരുദിവസം പൂര്‍ത്തിയാവുന്നതിനു മുമ്പാണ് എഫ്‌ഐആറില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥനെ മാറ്റിയത്.
എസ്എച്ച്ഒ ആയ സിഐയും പ്രധാന എസ്‌ഐയും സ്ഥലത്തില്ലാത്തതിനാലാണ് ചാര്‍ജുണ്ടായിരുന്ന വര്‍ഗീസ് കേസെടുത്തത്. സ്ഥലംമാറ്റത്തില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി എസ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. പരാതിയില്‍ മൊഴിയെടുത്ത് കേസെടുക്കുക എന്നത് തന്റെ ഡ്യൂട്ടിയാണ്. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചശേഷമാണ് നടപടി എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it