kannur local

സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്‌കരിച്ചു

മാഹി: പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അതാതു പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും യാത്രാമൊഴി. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47)വിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിനു വിലാപയാത്രയായി ആദ്യം കണ്ണൂരിലേക്ക് കൊണ്ടുവന്നു. തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിനുവച്ച മൃതദേഹം കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളു മെത്തി.
സിപിഎം നേതാക്കളായ ഇ പി ജയരാജന്‍, പി ജയരാജന്‍ എ എന്‍ ഷംസീര്‍, കെ വി സുമേഷ്, പി കെ ശ്രീമതി എംപി തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകീട്ട് നാലിന് ഈസ്റ്റ് പള്ളൂരിലെ വീട്ടിലെത്തിച്ചു. പണി പൂര്‍ത്തിയാവാത്ത വീടിനു സമീപമായിരുന്നു സംസ്‌കാരം. ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ന്യൂമാഹി പെരിങ്ങാടി ഈച്ചിയിലെ ഉമ്പാര്‍ക്ക ചെള്ളയില്‍ യു സി ഷമേജിന്റെ (36) പോസ്റ്റ്‌മോര്‍ട്ടം മനപ്പൂര്‍വം വൈകിപ്പിച്ചെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിജെപിക്കാര്‍ പ്രതിഷേധിച്ചു.
കൊല്ലപ്പെട്ടവര്‍ ഒരേ നാട്ടുകാരായതിനാല്‍ വിലാപയാത്രകള്‍ ഒരുമിച്ചെത്തുന്നത് സംഘര്‍ഷത്തിനു കാരണമാവുമെന്ന് പോലിസ് കരുതി. ഒടുവില്‍ സംഘപരിവാര നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് വൈകീട്ട് നാലോടെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി മാഹിയിലേക്ക് കൊണ്ടുവന്നു പെരിങ്ങാടിയിലെ വീട്ടിലെത്തിച്ച ഷമേജിന്റെ മൃതദേഹം രാത്രി ഏഴോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പി ഗോപാലന്‍കുട്ടി, സി കെ പത്മനാഭന്‍, പി പി സുരേഷ് ബാബു, എം ബാലകൃഷ്ണന്‍, പി സത്യപ്രകാശ്, പി കെ വേലായുധന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it