Pathanamthitta local

സിഗ്‌സ് ചിട്ടിഫണ്ടിനെതിരേ അദാലത്തില്‍ പരാതിപ്രളയം

മല്ലപ്പള്ളി: ജമ്മുകാശ്മീരില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌സ് ഫിനാന്‍ഷ്യല്‍ ഇന്‍ഡ്യ െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചിട്ടി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട 20ഓളം പേര്‍ പരാതികളുമായി മല്ലപ്പള്ളിയില്‍ ജില്ലാ കലക്ടറുടെ അദാലത്തിനെത്തി. നാല് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതിയുമായി എത്തിയത്.
2007 മുതല്‍ കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 2014ല്‍ പൂട്ടിയതായി പരാതിക്കാര്‍ പറഞ്ഞു. ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും ഇതിന്റെ ഉടമസ്ഥരായ രാജീവ്, വൃന്ദ രാജീവ് എന്നിവര്‍ കോട്ടയത്ത് താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് തയാറാകുന്നില്ല എന്ന പരാതികളുമായാണ് മുന്‍ ഏജന്റുമാരും ചിട്ടിയില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടവരും കലക്ടറുടെ മുന്നിലെത്തിയത്. എല്‍ഐസിയുടെ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തതിന് അവാര്‍ഡ് ലഭിച്ചതിന്റെ ഫോട്ടോയും മറ്റും കാട്ടിയാണ് കമ്പനി നിക്ഷേപകരെ കബളിപ്പിച്ചിരുന്നതെന്ന് പരാതിക്കാര്‍ പറഞ്ഞു.
പണം നഷ്ടപ്പെട്ടവര്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെങ്കിലും ജാമ്യം എടുത്തും സ്വാധീനം ഉപയോഗിച്ചും പ്രതികള്‍ രക്ഷപെടുന്ന അവസ്ഥയാണുള്ളതെന്ന് പരാതിക്കാര്‍ പറഞ്ഞു. കമ്പനിയുടെ മാനേജരായിരുന്ന ജസ്റ്റിന്‍ തോമസ് എന്നയാളാണ് ഏജന്റുമാര്‍ക്ക് ക്ലാസുകള്‍ നല്‍കി നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്തിരുന്നതതെന്നും പരാതിക്കാര്‍ പറഞ്ഞു.
സിഗ്‌സ് കമ്പനിയില്‍ നിന്നും രാജിവച്ച ജസ്റ്റിന്‍ തോമസ് ഇപ്പോള്‍ ചങ്ങനാശേരിയില്‍ ഒരു സ്ഥാപനം നടത്തിവരികയാണെന്നും പരാതിക്കാര്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍  കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ ജില്ലാ കലക്ടറെ നേരില്‍ കാണാനെത്തിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്  ആസ്ഥാനത്തേക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it