kozhikode local

സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ ഇന്നു സമാപിക്കും

കോഴിക്കോട്: സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ ഇന്ന് സമാപിക്കും. പുതിയ സംഘടനാ രേഖയിലെ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാക്കി ജനറല്‍ കൗണ്‍സില്‍ അംഗീകരിക്കും. 1993ല്‍ ഭൂവനേശ്വറില്‍ നടന്ന  ജനറല്‍കൗണ്‍സില്‍ അംഗീകരിച്ച സിഐടിയു സംഘടനാ രേഖ കാലോചിതമായി പുതുക്കുന്നതിനായുള്ള പ്രക്രിയയാണ് കോഴിക്കോട് ജനറല്‍ കൗണ്‍സിലില്‍ നടക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലായ കാല്‍നൂറ്റാണ്ടുകാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സ്വീകരിക്കേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും പുതിയ രേഖ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 435 പ്രതിനിധികളാണ് കൗണ്‍സിലിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്നലെ സിഐടിയു ജനറല്‍കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ത്യ ഗവണ്‍മെന്റ് റോഹിന്‍ഗ്യന്‍ വിഷയം വര്‍ഗീയവല്‍ക്കരിക്കുകയാണ്. റോഹിന്‍ഗ്യന്‍ ജനതയോടെള്ള ഭരണകൂട ഭീകരതയെ ജനറല്‍കൗണ്‍സില്‍ എതിര്‍ക്കും. റോഹിന്‍ഗ്യന്‍ ജനതയുടെ സുരക്ഷിതമായ തിരിച്ചുപോക്കിനും പുനരധിവാസത്തിനും കേന്ദ്രസര്‍ക്കാര്‍ പ്രധാന പങ്ക് വഹിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
23ന് ടാഗോര്‍സെന്റിനറി ഹാളില്‍ ആരംഭിച്ച അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ പിരിയും. വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപുറത്ത് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെയാണ് കൗണ്‍സില്‍ സമാപിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് ഡോ. ഹേമലത, ജനറല്‍സെക്രട്ടറി തപന്‍സെന്‍, വൈസ്പ്രസിഡന്റ് എ കെ പത്മനാഭന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ സംസാരിക്കും.
Next Story

RELATED STORIES

Share it