സാലറി ചലഞ്ച്: ശമ്പളം പിടിക്കാന്‍ ക്രമീകരണങ്ങള്‍ വരുത്തി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നല്‍കിയ ഉദ്യോഗസ്ഥരുടെ അടുത്ത മാസത്തെ ശമ്പളം പിടിക്കുന്നതിനായി‘സ്പാര്‍ക്കില്‍ ക്രമീകരണങ്ങള്‍ വരുത്തി സര്‍ക്കുലര്‍ ഇറങ്ങി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാര്‍ക് സംവിധാനത്തില്‍ സാലറി ചലഞ്ചിനു വേണ്ടി മാറ്റങ്ങള്‍ വരുത്തി 16 നിര്‍ദേശങ്ങളാണ് ധനവകുപ്പ് പുറത്തിറക്കിയത്. ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്നും വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ബില്ലുകള്‍ തയ്യാറായാല്‍ പിന്നീട് സ്പാര്‍ക് വഴി മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും ധനകാര്യവകുപ്പ് (ഫണ്ട്) വഴി മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ കഴിയൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. ഒരുമാസത്തെ ശമ്പളം 10 മാസത്തെ തുല്യ ഗഡുക്കളായി നല്‍കാന്‍ തയ്യാറായവരുടെ ബില്ലില്‍ “യെസ്’ എന്നും അല്ലാത്തവരുടേതില്‍ “നോ’ എന്നും ഡിഡിഒ രേഖപ്പെടുത്തണം. പൂര്‍ണ ശമ്പളം വാങ്ങാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍, ശമ്പളമില്ലാതെ അവധിയിലുള്ളവര്‍, സസ്‌പെന്‍ഷനിലുള്ളവര്‍ തുടങ്ങിയവരുടെ ശമ്പളം പിടിക്കുമ്പോള്‍ കണ്‍ട്രോളിങ് ഓഫിസറുടെ സമ്മതം വാങ്ങണം. ദുരിതാശ്വാസനിധിയിലേക്ക് നേരത്തേ ശമ്പളം നല്‍കിയ ഉദ്യോഗസ്ഥരുടെ രേഖകള്‍ പരിശോധിച്ചശേഷം ഡിഡിഒമാര്‍ അടുത്തമാസത്തെ ശമ്പളത്തില്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ വരുത്തണം.
പിഎഫില്‍ നിന്ന് ഒരുമാസത്തെ ശമ്പളത്തിനു തുല്യമായ തുക ദുരിതാശ്വാസനിധിയിലേക്കു നല്‍കാനുള്ള സംവിധാനം സ്പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറുന്നതിനു മാത്രമായിരിക്കും ഇക്കാര്യം ഡിഡിഒമാര്‍ ശ്രദ്ധിക്കണം. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു വായ്പ എടുത്തിരിക്കുന്നവര്‍ക്ക് ഈ വര്‍ഷം മൊറട്ടോറിയം ഉണ്ടായിരിക്കും. പിഎഫില്‍ നിന്നു വായ്പ എടുത്ത ജീവനക്കാര്‍ ദുരിതാശ്വാസനിധിയിലേക്ക് 10 ഗഡുക്കളായി ശമ്പളം നല്‍കിയ—ശേഷം മാത്രം പ്രതിമാസ വായ്പാ തവണ അടച്ചാല്‍ മതിയാവും. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയശേഷം വായ്പ അടവുകൂടി വരുമ്പോള്‍ ജീവനക്കാര്‍ക്കുണ്ടാവുന്ന പ്രയാസം പരിഹരിക്കാനാണ് ഈ നടപടി.
ലീവ് സറണ്ടര്‍ ചെയ്ത് ദുരിതാശ്വാസനിധിയിലേക്കു നല്‍കുന്നതിനും സ്പാര്‍ക്കില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ലീവ് സറണ്ടര്‍ ചെയ്യുന്നതിനും പിഎഫ് പിന്‍വലിക്കുന്നതിനും എജിയുടെ സമ്മതപത്രം വേണ്ടതിനാല്‍ വീഴ്ച വരാതെ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ നാലാമത്തെ ഗഡു ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ സമ്മതം അറിയിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതിനും സ്പാര്‍ക്കില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി.

Next Story

RELATED STORIES

Share it