World

സാര്‍ക് യോഗത്തിനിടെ സുഷമ ഇറങ്ങിപ്പോയി

ന്യൂയോര്‍ക്ക്: പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കി ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയുടെ ഭാഗമായി നടന്ന സാര്‍ക് മന്ത്രിമാരുടെ യോഗത്തിനിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇറങ്ങിപ്പോയി. തന്റെ സംസാരത്തിനു ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കാനിരിക്കെയാണ് സുഷമ വേദിവിട്ടത്.
ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീകരവാദം ഭീഷണിയാണെന്നു സുഷമ സ്വരാജ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യക്കു ഭീഷണിയാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. മേഖലയിലെയും ലോകത്തിന്റെയും വലിയ ഭീഷണിയാണു ഭീകരവാദം. എല്ലാ തരത്തിലുമുള്ള ഭീകരവാദവിപത്തിനെ ഇല്ലാതാക്കേണ്ടതു നമ്മുടെ ആവശ്യമാണെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് സുഷമ പറഞ്ഞു.
അതേസമയം, സുഷമയുടെ പരാമര്‍ശത്തിനെതിരേ പാക് പ്രതിനിധി ഷാ മെഹമൂദ് ഖുറേഷി കടുത്ത വിമര്‍ശനമുന്നയിച്ചു. സാര്‍ക് രാഷ്ട്രങ്ങളുടെ പുരോഗതിക്ക് ഒരു രാജ്യത്തിന്റെ നിലപാട് തടസ്സം നില്‍ക്കുകയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല ഇടപെടല്‍ കാണുന്നില്ല. യോഗത്തിന്റെ ഇടയ്ക്കുവച്ച് അവര്‍ (സുഷമ സ്വരാജ്) ഇറങ്ങിപ്പോയിരിക്കുന്നു.
ചിലപ്പോള്‍ അവര്‍ക്കു സുഖമില്ലാത്തതിനാലായിരിക്കാം. നിര്‍ഭാഗ്യകരവും അമ്പരപ്പിക്കുന്നതുമാണിത്- ഖുറേഷി പറഞ്ഞു.
എന്നാല്‍, ഖുറേഷിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സാര്‍ക്കുമായി ബന്ധപ്പെട്ടു നിരവധി പദ്ധതികളാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നത്. മേഖലയിലെ മികച്ച കൂട്ടായ്മയായി സാര്‍ക്കിനെ വളര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യോഗത്തില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയയാള്‍ സുഷമയല്ല. സുഷമ സ്വരാജ് സംസാരിക്കുന്നതിനു മുമ്പ് അഫ്ഗാന്‍, ബംഗ്ലാദേശ് മന്ത്രിമാര്‍ വേദി വിട്ടിരുന്നു. പലവിധ യോഗങ്ങള്‍ ഒരു സ്ഥലത്തു നടക്കുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോവുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഇന്ത്യന്‍ ഉ—ദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎന്‍ പൊതുസഭാ സമ്മേളന സമയത്തു മന്ത്രിതല ചര്‍ച്ച നടത്തണമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
എന്നാല്‍, ജമ്മുകശ്മീരില്‍ സൈന്യത്തെയും പോലിസിനെയും കൊലപ്പെടുത്തിയതിലും ബുര്‍ഹാന്‍ വാനിയുടെ സ്റ്റാംപ് ഇറക്കിയതിലും പ്രതിഷേധിച്ചു യോഗത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു.

Next Story

RELATED STORIES

Share it