kannur local

സാമ്പത്തിക വര്‍ഷാവസാനം: ട്രഷറികളില്‍ ഇടപാടുകാരുടെ തിരക്ക്

കണ്ണൂര്‍: 2017-2018 സാമ്പത്തിക വര്‍ഷത്തിലെ അവസാനദിനമായ ഇന്നലെ ജില്ലയിലെ ട്രഷറികളില്‍ ഇടപാടുകാരുടെ തിരക്ക്. ജോലിത്തിരക്ക് കുറയ്ക്കാന്‍ അവധി വേണ്ടെന്നുവച്ച് സര്‍ക്കാര്‍ ഓഫിസുകളും. പെസഹവ്യാഴം, ദുഖവെള്ളി ദിനങ്ങളിലെ അവധിക്കിടയിലും ജില്ലയിലെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ജോലിക്ക് എത്തിയിരുന്നു.
കണ്ണൂര്‍ കോര്‍പറേഷന്‍ അടക്കം ഓഫിസുകളിലെ എല്ലാ വിഭാഗവും പതിവുപോലെ പ്രവര്‍ത്തിച്ചു. ജില്ലാ ട്രഷറി ഓഫിസും സബ് ട്രഷറി ഓഫിസുകളും ഇന്നലെ അര്‍ധരാത്രി വരെ പ്രവര്‍ത്തിച്ചു. ബില്ലുകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന ഇ-ബില്ല് സംവിധാനം നടപ്പായതിനാല്‍ ഇടപാടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങള്‍ എളുപ്പമായി. കരാറുകാരുടെയും വകുപ്പുകളുടെയും ബില്ലുകള്‍ ഓണ്‍ലൈനായി സ്വീകരിച്ച് പണവും ഓണ്‍ലൈനായി തന്നെ അക്കൗണ്ടിലേക്കു കൈമാറി. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി കഴിഞ്ഞ ഒരാഴ്ചയായി രജിസ്ട്രാര്‍ ഓഫിസുകളില്‍ ഇടപാടുകാരുടെ തിരക്കായിരുന്നു. അതേസമയം, അടുത്ത ആറുമാസം വരെ ട്രഷറി നിയന്ത്രണം തുടരുമെന്നാണ് സൂചന.
ആദ്യ 10 ദിവസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാത്രമേ പണം അനുവദിക്കൂ. അവസാനത്തെ ആഴ്ച അടിയന്തര സ്വഭാവമുള്ള ബില്ലുകള്‍ മാത്രം പാസാക്കും. തൊട്ടടുത്ത മാസത്തെ ശമ്പളവും പെന്‍ഷനുമുള്ള തുക മുന്‍കൂറായി മാറ്റിവയ്ക്കും. ട്രഷറി നിയന്ത്രണവും ചരക്കുസേവന നികുതി (ജിഎസ്ടി)യുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും കാരണം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം മന്ദീഭവിച്ചിരുന്നു. സാമ്പത്തിക നിയന്ത്രണം കാരണം പദ്ധതിനിര്‍വഹണത്തിന് ഉദ്ദേശിച്ച വേഗമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it