thrissur local

സാമൂഹിക വിരുദ്ധര്‍ കൃഷി നശിപ്പിച്ചു; അക്രമം പതിവായിട്ടും നടപടിയില്ലെന്ന്

എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം പതിവാകുന്നു. പരാതി നല്‍കുന്നുണ്ടെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ പോലിസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അടുത്തിടെ വേലൂര്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളിലാണ് സാമൂഹിക വിരുദ്ധര്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം തണ്ടിലത്ത് അര ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറി തൈകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. കീഴ്തണ്ടിലം പടിഞ്ഞാറൂട്ട് ഗണേശന്റെ ഒരു മാസം പ്രായമായ പയര്‍ ചെടികളാണ് വീര്യം കൂടിയ വിഷം തെളിച്ച് വാട്ടി നശിപ്പിച്ചത്.
മുന്‍പ് പഴവൂര്‍ കൊട്ടിലിങ്ങല്‍ ചന്ദ്രന്റെ നേന്ത്രവാഴ തൈകളും നശിപ്പിച്ചിരുന്നു. അര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന വാഴ തൈകള്‍ പൂര്‍ണമായും വെട്ടി നശിപ്പിച്ചു. എരുമപ്പെട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ ഒരു നടപടിയും ഇതുവരേയും കൈകൊണ്ടിട്ടില്ല. സംശയമുള്ള വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് കുന്നംകുളം സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. കര്‍ഷകരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിയമപാലകര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it