ernakulam local

സാമൂഹിക വിരുദ്ധരുടെ താവളമായി കീഴില്ലം മണിപ്പാറ വെള്ളച്ചാട്ടം

പെരുമ്പാവൂര്‍: സാമൂഹിക വിരുദ്ധരുടെ താവളമായി പ്രകൃതി രമണീയമായ കീഴില്ലം മണിപ്പാറ വെള്ളച്ചാട്ടവും പരിസരവും. പോലിസ് പെട്രോളിങ്ങിന്റെ അഭാവമാണ് സാമൂഹിക വിരുദ്ധര്‍ക്ക് സൗകര്യപ്രദമായ പ്രദേശമാക്കി മണിപ്പാറയെ മാറ്റുന്നത്.
ജിഎന്‍പിസി(ഗ്ലാസിലെ നുരയും, പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവ് കൂട്ടുകാര്‍ക്കൊപ്പം മണിപ്പാറയില്‍ പരസ്യമായി മദ്യപിക്കുന്നതിന്റെ ചിത്രം ഗ്രൂപ്പിലിട്ടതോടെയാണ് 18 ലക്ഷത്തിലധികം അംഗങ്ങളുള്ള എഫ്ബി ഗ്രൂപ്പിലെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള യുവാക്കള്‍ സ്ഥലം അന്വേഷിച്ചു എത്തി തുടങ്ങിയത്.
ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ട പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ‘എന്റെ കീഴില്ലം’ സമൂഹമാധ്യമ കൂട്ടായ്മ രംഗത്ത് വന്നതോടെയാണ് വിവാദം കൊഴുക്കുന്നത്.
തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു, മാപ്പ് പറഞ്ഞ് അവര്‍  തടിയൂരി. കീഴില്ലം സെന്റ്.തോമസ് ജങ്ഷനില്‍ എംസി റോഡില്‍ നിന്നും 2കിലോമീറ്റര്‍ അകലെ പറമ്പിപ്പീടികയ്ക്കും ത്രിവേണിക്കും ഇടയിലാണ് മണിപ്പാറ സ്ഥിതി ചെയ്യുന്നത്.
വെള്ളച്ചാട്ടത്തിനപ്പുറം, പതിറ്റാണ്ടുകള്‍ പഴക്കമുള്ള  മണിപ്പാറയിലെ വലിയ പാറക്കൂട്ടത്തില്‍ അടിക്കുമ്പോള്‍ മണിയടിക്കുന്ന ശബ്ദമുണ്ടാവുന്നതാണ് ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത്. ചെരിഞ്ഞ പാറയുടെ ഇരുപ്പിന്റെ പ്രത്യേകത കൊണ്ടാണ് ഇത്തരത്തില്‍ ശബ്ദം കേള്‍ക്കുന്നത്.
നിരവധിയായ പ്രാദേശിക ടുറിസ്റ്റുകളാണ് ഇവിടെ കഴിഞ്ഞ കാലങ്ങളില്‍ എത്തിയിരുന്നത്.
വേണ്ടത്ര രീതിയിലുള്ള പരിപാലനമില്ലായ്മയും അനധികൃത കൈയേറ്റങ്ങളും കഴിഞ്ഞ കുറെ നാളുകളായി അകത്തും പുറത്തും നിന്നുള്ള സാമൂഹിക വിരുദ്ധരുടെ താവളമായി മണിപ്പാറയും പരിസരവും മാറ്റി.
പുറത്തുനിന്നു എത്തുന്ന യുവാക്കള്‍ കഞ്ചാവും മയക്കുമരുന്നും മറ്റും ഉപയോഗിക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിരവധി സിറിഞ്ചുകളാണ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.
ഇത് മണിപ്പാറയിലെ തോട്ടില്‍ കുളിയ്ക്കുന്നതിനും മറ്റാവശ്യങ്ങല്‍ക്കെത്തുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പലവട്ടം ഭീഷണിയും ആയതിനാല്‍ പോലിസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
മണിപ്പാറയിലേക്കെത്തുന്ന തോടിനു സമീപം പ്രവര്‍ത്തിക്കുന്ന പന്നിഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍, മണിപ്പാറ വെള്ളച്ചാട്ടത്തെയും  പരിസര നിവാസികളുടെ കുടിവെള്ള സ്രോതസ്സിനെയും മറ്റും മലിനമാക്കുന്നതായി പഞ്ചായത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
ജിഎന്‍പിസിയിലെ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അനാശാസ്യ മദ്യപാന പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചേരുന്നവരെ ഇനിമുതല്‍ പിടിച്ചു നിര്‍ത്തി വീട്ടുകാരെ അറിയിച്ച ശേഷമോ/പോലിസ് എത്തിയ ശേഷമോ മാത്രമേ പറഞ്ഞയക്കുകയുള്ളൂവെന്നും നാട്ടുകാര്‍ അറിയിച്ചു.
മണിപ്പാറയ്ക്ക് സമീപത്തുകൂടെയുള്ള 1 കിലോമീറ്റര്‍ റോഡ് മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗം ബേസില്‍പോളിന്റെ ഫണ്ടുപയോഗിച്ചു  കോണ്‍ക്രീറ്റ് ചെയ്തത് പ്രദേശത്തേക്കുള്ള എത്തിച്ചേരാനുള്ള വഴി സുഗമയാക്കി.
രാത്രിയില്‍ തെരുവ്‌വെളിച്ചം ഇല്ലാത്തതു  പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും എത്രയും പെട്ടന്ന് പരിഹരിക്കണെന്നും
പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവണമെന്നും ഇത് സംബന്ധിച്ചു അഡ്വ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് നിവേദനം നല്‍കുമെന്നും, ലഹരി മാഫിയയ്‌ക്കെതിരെ പോലിസ് കൃത്യവുമായ പട്രോളിംഗ് സംവിധാനം നടത്തണമെന്നും ‘എന്റെ കീഴില്ലം’ സമൂഹ മാധ്യമ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it