malappuram local

സാമൂഹിക മാധ്യമ ഹര്‍ത്താല്‍: പോലിസ് നടപടി പാര്‍ട്ടി നേതൃത്വങ്ങളെ കുഴക്കുന്നു

തിരൂര്‍: കാശ്മീരി ബാലികയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന സാമൂഹ്യ മാധ്യമ ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളില്‍ കര്‍ശന നടപടികളുമായി പോലിസ്. അന്വേഷണത്തില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട പ്രവര്‍ത്തകര്‍ പിടിയിലായത് പാര്‍ട്ടി നേതൃത്വത്തെ കുഴക്കുന്നു.
ജില്ലയില്‍ ഏറെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ തിരൂര്‍, താനൂര്‍ പ്രദേശങ്ങളില്‍ നിന്നായി 76 ലധികം പേരാണ് ഇതുവരെ പിടിയിലായത്. ഇതില്‍ 48 പേര്‍ റിമാന്റിലായി. ബാക്കിയുള്ളവരെ പോലിസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കേസന്വേഷണ സംഘം സംഭവ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റുകള്‍ തുടരുകയാണ്.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഹര്‍ത്താലിനെ എതിര്‍ത്തും അക്രമങ്ങളെ അപലപിച്ചും രംഗത്ത് വരുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് പിടിയിലാകുന്നതെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. വരും നാളുകളില്‍ ഇതിന്റെ അലയൊലികള്‍ പ്രകടമാകും.
ബന്ദ് നടത്തുന്നത് നിയമപരമായി കോടതികള്‍ വിലക്കിയതോടെയാണ് ഹര്‍ത്താല്‍ രൂപത്തില്‍ ബന്ദുകള്‍ തിരിച്ചു വന്നത്. പ്രതിഷേധ സമരങ്ങള്‍ എന്ന നിലയില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതും നടത്തുന്നതും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടായി. ഹര്‍ത്താലുകളില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും ഗതാഗതം തടയപ്പെടരുതെന്നും വ്യവസ്ഥയുണ്ടെങ്കിലും ഹര്‍ത്താലുകളില്ലെല്ലാം അവ പതിവാണ്. കഴിഞ്ഞ ഹര്‍ത്താലിലും അതുണ്ടായി.
അക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് പോലിസ് അധികാരികളുടെ നിലപാട്.ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്നിരുന്നു. താനൂരില്‍ മൂന്ന് കടകളും മൂന്നു കെഎസ്ആര്‍ടിസി ബസ്സുകളും നശിപ്പിച്ചിരുന്നു. പോലിസിനു നേരെ കല്ലേറുമുണ്ടായി. തിരൂരിലും സമരാനുകൂലികള്‍ പോലിസിനു നേരെ തിരിഞ്ഞിരുന്നു. കല്ലേറില്‍ നിരവധി പോലീസുകാര്‍ ക്കും സമരാനുകൂലികള്‍ക്കും പരിക്കേറ്റിരു ന്നു. ഈ സംഭവത്തിലാണ് കേസെടുത്ത് പോലിസ് അന്വേഷണം നടക്കുന്നത്.
അക്രമം പടരാതിരിക്കാന്‍ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാപകമായ അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടക്കുന്നതായ ജില്ലാസ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം ഹര്‍ത്താലില്‍ തിരൂരില്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച പ്രതി പിടിയിലായതായി സൂചന. സംഭവ ദിവസം തിരൂര്‍ പയ്യനങ്ങാടിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് തിരൂരിലെ പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ അതുല്‍ ആംബ്രക്ക് മര്‍ദ്ദനമേറ്റതും ക്യാമറനശിപ്പിച്ചതും. പ്രതിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നണ് കരുതുന്നത്.
ഒരാള്‍ കൂടി
അറസ്റ്റില്‍
തിരൂരങ്ങാടി: ഹര്‍ത്താല്‍ ദിവസം നടന്ന അനിഷ്ട സംഭവങ്ങളില്‍ തിരൂരങ്ങാടിയില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മൂന്നിയൂര്‍ സൗത്ത് കുന്നത്തുപറമ്പ് കല്ലുങ്ങല്‍ അസ്ഹറുദ്ധീനെ (28) യാണ് അറസ്റ്റ് ചെയ്തത്.ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി.
Next Story

RELATED STORIES

Share it