malappuram local

സാമൂഹിക മാധ്യമ ഹര്‍ത്താലുമായി ബന്ധമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം: തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന സാമൂഹിക മാധ്യമ ഹര്‍ത്താലുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കുനിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ല. ഒരു പാര്‍ട്ടി അംഗം പോലും അറസ്റ്റിലായിട്ടുമില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ഉന്നയിച്ച പ്രശ്‌നം ഗൗരവമുള്ളതാണ്.
എന്നാല്‍, അക്രമത്തിലേക്ക് നീങ്ങിയ ഹര്‍ത്താല്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ല. എന്നാല്‍, ഹര്‍ത്താലില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി വ്യാപകമായി അറസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ നടപടി സിപിഎം സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുള്ള മൃദു ഹിന്ദുത്വ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.
ഹര്‍ത്താല്‍ നടത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലുള്ള തീവ്രവാദ ശക്തികളാണെന്ന സിപിഎം നിലപാട് അതിന്റെ ഭാഗമാണ്. ഹര്‍ത്താലില്‍ പല പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ 125 പേര്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ടെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, വൈസ് പ്രസിഡന്റ് ഫാറൂഖ് ശാന്തപുരം, എക്‌സിക്യൂട്ടീവ് അംഗം ആരിഫ് ചൂണ്ടയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it