സാമുദായിക കലാപത്തിന്റെ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

വഡോദര: കഴിഞ്ഞ ആഴ്ച വാദി പ്രദേശത്തുണ്ടായ സാമുദായിക കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മായുര്‍ കാദം (30) എന്ന യുവാവാണ് അറസ്റ്റിലായത്. ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ കോലം കത്തിക്കുകയും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തതിന് 2016ല്‍ കാദമിനെതിരേ പോലിസ് കേസെടുത്തിരുന്നു.
രജപുത്ര പടയാളി മഹാറാണ പ്രതാപിന്റെ ജന്മദിനത്തോടനുബന്ധിച്ച് രജപുത്ര വംശജരുടെ സംഘടനയായ കര്‍ണിസേന ശനിയാഴ്ച സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കലാപമുണ്ടായത്. പരിപാടി നടക്കുന്നിടത്തെത്തിയ മറ്റൊരു സമുദായ അംഗങ്ങളും രജ്പുത് വംശജരും തമ്മില്‍ കല്ലേറ് നടത്തുകയായിരുന്നു. അക്രമങ്ങളില്‍ പ്രാര്‍ഥനാലയത്തിന്റെ ജനലും നിരവധി വാഹനങ്ങളും തകര്‍ന്നിരുന്നു. പോലിസെത്തി കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത്. ഈ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച കാദം അവ യൂട്യൂബില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നു വാദി സ്‌റ്റേഷനിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ആര്‍ വാസവ പറഞ്ഞു.
സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലാവുകയും പരിപാടി സംഘടിപ്പിച്ച ധര്‍മേന്ദ്ര സിങ് വഗേലയ്ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു. മുന്‍ ബിജെപി നേതാവായ വഗേല ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. മതവികാരം വ്രണപ്പെടുത്തിയതിനും വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് കാദമിനെതിരേ കേസെടുത്തതെന്നു പോലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ കാദമിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Next Story

RELATED STORIES

Share it