Flash News

സാധ്യതാപഠനം നടത്താതെ വ്യാപാര ഇടപാട് : സിഡ്‌കോയ്ക്ക് നഷ്ടം മൂന്നുകോടി



പി എം അഹ്മദ്

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  ചെറുകിട വ്യവസായ കോര്‍പറേഷന്‍ (സിഡ്‌കോ) സാധ്യതാ പഠനം നടത്താതെ 2015-16ല്‍ വ്യാപാര ഇടപാട് നടത്തിയ വകയില്‍ മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടാക്കി.   2015 മാര്‍ച്ചില്‍ ചുമതലയേറ്റ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഇടപെടലിലാണ് ഡൈ അമോണിയം ഫോസ്‌ഫേറ്റ് വാങ്ങാന്‍ നടത്തിയ നീക്കത്തില്‍ സിഡ്‌കോയ്ക്ക് 3.01 കോടി രൂപയുടെ നഷ്ടം ഉണ്ടായതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഉത്തര്‍പ്രദേശ് കോ-ഓപറേറ്റീവ് ഫെഡറേഷന്‍ ലി. 2015 ഏപ്രില്‍ 22ന് മൂന്നു ലക്ഷം മെട്രിക് ടണ്‍ ഡൈ അമോണിയം ഫോസ്‌ഫേറ്റ് വാങ്ങുന്നതിന് ടെന്‍ഡര്‍ വിളിച്ചിരുന്നു. സാമ്പത്തിക ഉപദേഷ്ടാവായിരുന്ന സുരേഷ് ബാബു ഈ വിഷയം സിഡ്‌കോയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് 2015 മെയ് എട്ടിന് ടെന്‍ഡറില്‍ പങ്കെടുത്ത് മെട്രിക് ടണ്ണിന് 30,382 രൂപ  നിരക്കില്‍ ടെന്‍ഡര്‍ ഉറപ്പിച്ച് മെയ് 28ന് കരാര്‍ ഒപ്പുവച്ചു. സിഡ്‌കോയ്ക്ക് സ്വന്തമായി ഡൈ അമോണിയം ഫോസ്‌ഫേറ്റ് ഇല്ലാതിരുന്നതിനാല്‍ ഇതിന്റെ വിതരണക്കാരില്‍ നിന്ന് ആഗോള ടെന്‍ഡര്‍ വിളിച്ചു. ആഗോള ടെന്‍ഡറില്‍ മെസ്സേഴ്‌സ് റാം ഓണ്‍ലൈന്‍ സര്‍വീസസ് (പ്രൈ. ലി) മെട്രിക് ടണ്ണിന് 29.862 രൂപ നിരക്കില്‍ ഡിഎപി നല്‍കാമെന്ന് ഉറപ്പിച്ചു.  ഇതില്‍ സിഡ്‌കോയ്ക്ക് മെട്രിക് ടണ്‍ ഒന്നിന് 252 രൂപ ആയിരുന്നു. മൂന്ന് ലക്ഷം മെട്രിക് ടണ്‍ ആവശ്യമായതിനാല്‍ ടെന്‍ഡറില്‍ ഹാജരായ മറ്റ് നാല് കമ്പനികളുമായി ഈ തുകയ്ക്കു തന്നെ ധാരണയായി. കരാര്‍ അനുസരിച്ച് സിഡ്‌കോയുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റിന്റെ മൂല്യമനുസരിച്ച് രണ്ട് ശതമാനം പെര്‍ഫോമന്‍സ് ബാങ്ക് ഗാരന്റിയായി കമ്പനികള്‍ സിഡ്‌കോയ്ക്ക് നല്‍കണം. എന്നാല്‍, രണ്ടു കമ്പനികള്‍ മാത്രമാണ് ഈ തുക നല്‍കിയത്. സിഡ്‌കോയും യുപിസിഎഫും തമ്മിലുള്ള കരാര്‍ അനുസരിച്ച് കരാര്‍ തുകയുടെ (911.45 കോടി) ഒരു ശതമാനം (9.11 കോടി) പെര്‍ഫോമന്‍സ് ഗാരന്റി സിഡ്‌കോ നല്‍കണം. എന്നാല്‍, ഇതിനാവശ്യമായ ഫണ്ടിന്റെ അഭാവത്തില്‍ കരാറിലുള്‍പ്പെട്ട മെസ്സേഴ്‌സ് എല്‍ജോണ്‍ കുവൈറ്റ് സിഡ്‌കോയ്ക്ക് നല്‍കിയ 3.01 കോടി രൂപ പോര്‍മോഫന്‍സ് ബാങ്ക് ഗാരന്റി ശരിയായ അംഗീകാരമില്ലാതെ കമ്പനിയുടെ എജിഎം 30,000 മെട്രിക് ടണ്‍ ട്രയല്‍ ഓര്‍ഡര്‍ നടപ്പാക്കാന്‍ യുപിസിഎഫിന് അനുകൂലമായി പുനര്‍നിര്‍ദേശിച്ചു. ആകെയുള്ള 30,000 മെട്രിക് ടണ്ണിന്റെ മൂല്യത്തിനുള്ള 92 കോടിയുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് അവസാന ഷിപ്‌മെന്റ് തിയ്യതിയായ 2015 സപ്തംബര്‍ 30നുള്ളില്‍ നല്‍കണമെന്നായിരുന്നു യുപിസിഎഫും സിഡ്‌കോയും തമ്മിലുള്ള വ്യവസ്ഥ. എന്നാല്‍, ഫണ്ടിന്റെ അപര്യാപ്തതമൂലം സിഡ്‌കോയ്ക്ക് വ്യാപാര കരാറിലേര്‍പ്പെട്ട ഒരൊറ്റ കമ്പനിക്കു പോലും ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കാനോ ഡിഎപി യഥാസമയം യുപിസിഎഫിന് വിതരണം ചെയ്യാനോ സാധിച്ചില്ല. തുടര്‍ന്ന് യുപിസിഎഫ് 2015 ഡിസംബര്‍ 10ന് കരാര്‍ റദ്ദാക്കുകയും ബിജി പണമാക്കി മാറ്റുകയും ചെയ്തു. സിഡ്‌കോയും മെസ്സേഴ്‌സ് എല്‍ ജോണും തമ്മിലുള്ള കരാര്‍ വ്യവസ്ഥ അനുസരിച്ച് നഷ്ടം ഈടാക്കാന്‍ സിഡ്‌കോയ്ക്ക് നോട്ടീസയച്ചു. തുടര്‍ന്ന് സിഡ്‌കോ ഈ തുക മടക്കി നല്‍കേണ്ടതായും വന്നു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വേണ്ടത്ര വിശകലനം നടത്താതെ ഉപദേഷ്ടാവിന്റെ ഉപദേശമനുസരിച്ച് 950 കോടിയുടെ വ്യാപാരക്കരാറിലേര്‍പ്പെട്ട സിഡ്‌കോയ്ക്ക് 3.01 കോടിയുടെ നഷ്ടമുണ്ടാക്കിയതായി സിഎജി കണ്ടെത്തുകയായിരുന്നു. കൂടാതെ ചെറുകിട വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്താന്‍ സ്ഥാപിച്ച കമ്പനി ക്രമവിരുദ്ധമായാണ് ഇത്ര വലിയ വ്യാപാരക്കരാര്‍ ഉണ്ടാക്കിയത്, ഉപദേഷ്ടാവിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു, ദര്‍ഘാസുകളിലും വ്യവസ്ഥകളിലും സുതാര്യതയില്ല, വ്യവസ്ഥകള്‍ അപൂര്‍ണമാണ്, നഷ്ടത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സിഎജി ഉന്നയിക്കുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it