സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ല: മന്ത്രി

മാള: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ്‌സിഡി നിരക്കില്‍ വിതരണം നടത്തുന്ന നിത്യോപയോഗ സാധനങ്ങളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിക്കില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍. നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍ നിന്ന് സൗകര്യം കൂടിയതും നവീകരിച്ചതുമായ കെട്ടിടത്തിലേക്കു മാറിയ മാള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗത്ത് സബ്‌സിഡിക്കായി 500 കോടി രൂപയാണ് ചെലവഴിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വലിയ ഇടപെടലുകളാണ് സപ്ലൈകോ ഭക്ഷ്യ പൊതുവിതരണരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി പൊതുമാര്‍ക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു. നല്ലയിനം ജയ അരി സബ്‌സിഡിയില്ലാതെ 32 രൂപയ്ക്കും സബ്‌സിഡിയോടെ 25 രൂപയ്ക്കുമാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ നല്‍കുന്നത്. വെളിച്ചെണ്ണയൊഴികെ മറ്റെല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയുകയാണ്. നമ്മുടെ നാട്ടില്‍ നാളികേര ഉല്‍പാദനം ഗണ്യമായി കുറഞ്ഞതിനാലാണ് വെളിച്ചെണ്ണ വില ഉയരുന്നതെന്നും മന്ത്രി പറഞ്ഞു. വി ആര്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ ആദ്യവില്‍പന നടത്തി.

Next Story

RELATED STORIES

Share it