Flash News

സാങ്കേതിക മികവ്: കരിപ്പൂരില്‍ ഇടിമിന്നല്‍ മൂലമുണ്ടാവുന്ന അപകടങ്ങള്‍ കുറഞ്ഞു

കരിപ്പൂര്‍: സാങ്കേതിക മികവിനെ തുടര്‍ന്ന് കരിപ്പൂരിന്റെ വ്യോമഗതാഗതത്തില്‍ അഞ്ചുവര്‍ഷത്തിനിടെ ഇടിമിന്നല്‍മൂലമുള്ള അപകടങ്ങള്‍ കുറഞ്ഞതായി റിപോര്‍ട്ട്. 2013 വരെ ഇടിമിന്നല്‍ മൂലം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വ്യാപക നാശനഷ്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍, 2013ല്‍ കരിപ്പൂരില്‍ വികസിപ്പിച്ചെടുത്ത വ്യത്യസ്ത ഉപകരണങ്ങളുടെ സഹായത്തോടെ ഇടിമിന്നല്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ കരിപ്പൂരിനു സാധിച്ചതായാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇന്നും നാളെയും രാമനാട്ടുകരയില്‍ ദേശീയ ശില്‍പശാല നടത്താന്‍ കരിപ്പൂരിന് അവസരം ലഭിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വയലന്‍സ് (സിഎന്‍എസ്) വിഭാഗത്തിന്റെ ഇടെപടല്‍ കാരണമാണ് ഇടിമിന്നല്‍ അപകടങ്ങള്‍ കുറയ്ക്കാനായത്. ശക്തമായ ഇടിമിന്നലില്‍ വ്യോമഗതാഗത നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഐഎല്‍എസ്, ഡിവിഒആര്‍, റഡാര്‍, വിഎച്ച്എഫ്, എന്‍ഡിബി എന്നീ ഉപകരണങ്ങള്‍ തകരാറിലാവുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നത് കരിപ്പൂരില്‍ സാധാരണമായിരുന്നു. ഇതു സുരക്ഷിതമായ വ്യോമഗതാഗതത്തിന് തടസ്സമാവാറുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ സിഎന്‍എസ് വിഭാഗം നിരന്തരമായ ശ്രമത്തിലായിരുന്നു. കരിപ്പൂരില്‍ വികസിപ്പിച്ചെടുത്ത സംവിധാനങ്ങള്‍ രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടിലെയും സാങ്കേതിക വിദഗ്ധര്‍ക്ക് പങ്കുവയ്ക്കാനാണ് രണ്ടുദിവസത്തെ ദേശീയ ശില്‍പശാല നടത്തുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മംഗലാപുരം, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളില്‍നിന്നുള്ള മുതിര്‍ന്ന സാങ്കേതികവിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്നു രാവിലെ നടക്കുന്ന പരിപാടി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉദ്ഘാടനം ചെയ്യും. എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നൈ മേഖലാ ട്രെയിനിങ് ജോയിന്റ് ജനറല്‍ മാനേജര്‍ വി മുരുകാനന്ദന്‍ മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് എന്‍ഐടി ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോ. അശോക് പ്രഭാഷണം നടത്തും. സിഎന്‍എസ് വിഭാഗം തലവന്‍ മുനീര്‍ മാടമമ്പാട്ട്, അസിസ്റ്റന്റ് ജിഎം എന്‍ നന്ദകുമാര്‍, കെ അനില്‍കുമാര്‍, സ്മിതാ പ്രകാശ്, ജുനൈസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

Next Story

RELATED STORIES

Share it